അമ്മയെ കൊന്ന് പൂക്കള്‍ വാങ്ങി അന്ത്യ കര്‍മ്മങ്ങള്‍ നടത്തി ആത്മഹത്യ ചെയ്ത രണ്ടു മക്കള്‍? അതോ അമ്മയുടെ മരണ ശേഷം വേദന താങ്ങാനാവാതെ അവര്‍ ജീവനൊടുക്കിയതോ? ഐആര്‍എസ് കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത പോസ്റ്റ് മോര്‍ട്ടം വരുന്നതോടെ അഴിയും! പൂക്കള്‍ വാങ്ങിയ ബില്ലിലെ ഡേറ്റ് അതിനിര്‍ണ്ണായകമായി; മനീഷിന്റേത് ആത്മഹത്യയെന്ന് ഉറപ്പിച്ച് പോലീസ്

Update: 2025-02-22 05:51 GMT

കൊച്ചി: സെന്‍ട്രല്‍ ജിഎസ്ടി അഡീ.കമ്മിഷണര്‍ ജാര്‍ഖണ്ഡ് സ്വദേശി മനീഷ് വിജയ്(43), സഹോദരി ശാലിനി വിജയ്(49), മാതാവ് ശകുന്തള അഗര്‍വാള്‍(77) എന്നിവരുടെ അസ്വാഭാവിക മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം അതിനിര്‍ണ്ണായകമാകും. അമ്മയുടെ മരണം എങ്ങനെയാണെന്നതാകും കേസില്‍ നിര്‍ണ്ണായകം. അമ്മയാണ് ആദ്യം മരിച്ചതെന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തി അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത ശേഷം മനീഷും ശാലിനിയും മരിച്ചുവെന്നാണ് ഒരു നിഗമനം. ഇതിനൊപ്പം അമ്മയ്ക്ക് സ്വാഭാവിക മരണം സംഭവിച്ച വേദനയില്‍ രണ്ടു പേരും ആത്മഹത്യ ചെയ്തതിനും സാധ്യതയുണ്ട്. അമ്മയുടെ മൃതദേഹത്തിലും മുറിയിലുമായി 10 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അടുക്കളയില്‍ സ്റ്റൗവിനു സമീപം കത്തി ചാരമായ നിലയില്‍ കണ്ടെത്തിയ കടലാസുകള്‍ എന്താണെന്നു വ്യക്തമല്ല. മോഷണ ശ്രമം നടന്നതിന്റെ സൂചനകളും വീട്ടില്‍ ഇല്ല. മനീഷിന്റേത് ആത്മഹത്യാണെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. അമ്മയുടേയും ശാലിനിയുടേയും മരണ കാരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. മനീഷിന്റെ കുറിപ്പിലാണ് ആത്മഹത്യാ സ്ഥിരീകരണ തെളിവുള്ളത്.

രോഗപീഡകളുണ്ടായിരുന്ന മാതാവ് ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു. ചുറ്റും പൂക്കള്‍ വിതറിയിട്ടുണ്ട്. ഇവര്‍ പൂക്കള്‍ വാങ്ങിയിരുന്നതിന്റെ ബില്ലുകള്‍ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. അതായത് അമ്മ 14-ാം തീയതി മരിച്ചിരിക്കാമെന്ന് നിഗമനം. അതിന് ശേഷം മക്കള്‍ രണ്ടു പേരും പൂക്കര്‍ വാങ്ങി അന്ത്യകര്‍മ്മം ചെയ്തു. അതിന് ശേഷം അവരും അമ്മയുടെ വഴിയേ മരണത്തിലേക്ക് പോയി. അമ്മയുടെ തലയില്‍ മുറിവുണ്ടെന്നും സൂചനകളുണ്ട്. അങ്ങനെ എങ്കില്‍ ആ മുറിവ് പിന്നില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടാകാനും സാധ്യതയുണ്ട്. മനീഷും ശാലിനിയും മരിച്ച സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുത കണ്ടെത്തല്‍ പോലീസിന് വലിയ വെല്ലുവിളിയാകും. ബാഹ്യ ഇടപെടലൊന്നും ആ വീട്ടിലുണ്ടായില്ലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. വീട്ടില്‍ സ്ഥിരമായി പൂജകള്‍ നടത്തിയിരുന്നു. പുറം ലോകവുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായി ജോലി ചെയ്യുമ്പോള്‍ ബീച്ചിലുള്ള സ്റ്റാഫ് വില്ലയിലാണു താമസിച്ചിരുന്നത്. ഒന്നര മാസം മുന്‍പു കൊച്ചിയില്‍ മനീഷിനു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചപ്പോള്‍ കോഴിക്കോടെ വില്ല ഒഴിയേണ്ടിവന്നപ്പോഴാണ് ശാലിനിയും ശകുന്തളയും മനീഷും 114ാം നമ്പര്‍ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ഇവര്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. മനീഷിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് യു.സി.വിജയ് മരിച്ചു. ഡപ്യൂട്ടി കലക്ടറായിരുന്ന ശാലിനിക്കു ജോലിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 15നു ജാര്‍ഖണ്ഡ് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ് ലഭിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് മനീഷ് അവധിയെടുത്തത്. സഹോദരിയുടെ ആവശ്യത്തിനു നാട്ടിലേക്കു പോകുമെന്നു സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

എന്നാല്‍ ലീവ് കഴിഞ്ഞിട്ടും മനീഷ് ജോലിക്ക് എത്താതിരുന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശകുന്തള ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നു. അമ്മയെ ഡോക്ടറെ കാണിക്കാനായി 20ാം തീയതി വരാന്‍ ഡ്രൈവറോടു പറഞ്ഞിരുന്നു. ഡ്രൈവര്‍ വിളിച്ചിട്ടും മനീഷിനെ ഫോണില്‍ കിട്ടാതിരുന്നതോടെ നേരിട്ടു വന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ശകുന്തളയ്ക്ക് നാലു മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂത്ത മകന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഒരു മകള്‍ വിവാഹിതയാണ്. അബുദാബിയിലാണുള്ളത്. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ സംസ്ഥാന സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായിരുന്ന ശാലിനി വിജയ്, ജെപിഎസ്സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഏറെ അസ്വസ്ഥയായിരുന്നു. രാഷ്ട്രീയ നേതാക്കളും ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കള്‍ക്കു നിയമനം നല്‍കാന്‍ പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം.

ജാര്‍ഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വര്‍ഷത്തിനു ശേഷം കഴിഞ്ഞ നവംബറില്‍ സിബിഐ ജെപിഎസ്സി ചെയര്‍മാന്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2 വര്‍ഷം മുന്‍പ് അവധിയില്‍ പ്രവേശിച്ച ശാലിനി പിന്നീടു മടങ്ങിയെത്തിയില്ലെന്നാണു ജാര്‍ഖണ്ഡില്‍ നിന്നും കേരളാ പോലീസിന് ലഭിച്ച സൂചന. റാങ്ക് പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Tags:    

Similar News