കാണാതായതോടെ പോലീസ് നേരെ വിട്ടത് ആ ലോഡ്ജ് മുറിയിലേക്ക്; വാതിലിൽ തട്ടിയിട്ടും തുറന്നില്ല; പിന്നാലെ ദാരുണ കാഴ്ച; വിതുരയിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ദുരൂഹത ഉണർത്തി ഒരു കുപ്പിയും; അവർക്കിടയിൽ സംഭവിച്ചതെന്ത്?

Update: 2026-01-08 04:20 GMT

തിരുവനന്തപുരം: വിതുരയിലെ ഒരു ലോഡ്ജ് മുറിയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിലുള്ള ബന്ധം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ഇന്നലെ  ഉച്ചയോടെയാണ് വിതുരയ്ക്ക് സമീപമുള്ള ലോഡ്ജ് മുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാർ മുറിയുടെ വാതിലിൽ തട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് വിതുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് വിഷം ഉപയോഗിച്ച ഒരു കുപ്പിയും കണ്ടെടുത്തു. വിഷം കഴിച്ച ശേഷം തൂങ്ങിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.

സുബിനെ കാണാതായതിന് മാരായമുട്ടം പോലീസ് സ്റ്റേഷനിലും, മഞ്ജുവിനെ കാണാതായതിന് ആര്യൻകോട് പോലീസ് സ്റ്റേഷനിലും നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി വിതുര പോലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ എന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Similar News