കഞ്ചാവ് വാങ്ങുന്നവര്‍ക്ക് തല്‍സമയം പുകയ്ക്കാന്‍ സ്വയം നിര്‍മിത ഹുക്ക; ഓഫറുമായി കഞ്ചാവ് വിറ്റ യുവാവിനെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്; പുകയ്ക്കല്‍ യന്ത്രം കണ്ട് കണ്ണു തള്ളി അന്വേഷണ ഉദ്യോഗസ്ഥരും
കഞ്ചാവ് വാങ്ങുന്നവര്‍ക്ക് തല്‍സമയം പുകയ്ക്കാന്‍ സ്വയം നിര്‍മിത ഹുക്ക
തിരുവല്ല: വില്‍പ്പനക്കായി വീട്ടില്‍ കഞ്ചാവ് സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. നെടുമ്പ്രം കല്ലിങ്കല്‍ മഠത്തില്‍ചിറയില്‍ വീട്ടില്‍ നന്ദു മോഹനന്‍ (26 ) ആണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ വില്പനയും കടത്തും തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി കൈവശം വച്ചതിന് നേരത്തെ ഇയാള്‍ക്കെതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ കോടതിയില്‍ വിചാരണയിലാണ്.
തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലും ഡാന്‍സാഫ് ടീമും പുളിക്കീഴ് പോലീസും ചേര്‍ന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കിടപ്പുമുറിയില്‍ നിന്നാണ് 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് വാങ്ങാനെത്തുന്നവര്‍ക്ക് രഹസ്യമായി ഉപയോഗിക്കുന്നതിന് പ്ലാസ്റ്റിക് കുപ്പിയില്‍ ദ്വാരമിട്ട് അതിലൂടെ പൈപ്പ് ഇറക്കി അതിന്റെ അറ്റത്ത് ചോര്‍പ്പ് ഫിറ്റ് ചെയ്തു ഉപകരണമാക്കി വെച്ച നിലയിലും കണ്ടെത്തി. വില്‍ക്കാന്‍ സൂക്ഷിച്ച 52 പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പുളിക്കീഴ് എസ്.ഐ കെ. സുരേന്ദ്രന്‍, എ.എസ്.ഐ വിനോദ് കുമാര്‍, സി.പി. ഓമാരായ സന്തോഷ് സുദീപ്, രഞ്ജു കൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ വിശദമായി പോലീസ് സംഘം ചോദ്യം ചെയ്തു, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.