എയര്‍ഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങി; കൈ നിറയെ വിദേശ ചോക്ലേറ്റുമായി മൂന്ന് യുവതികൾ; നടത്തത്തിൽ പന്തികേട്; പിന്നാലെ കസ്റ്റംസിന് തോന്നിയ സംശയത്തിൽ കുടുങ്ങി; ക്രീം ബിസ്ക്കറ്റിൽ അടക്കം നല്ല മുന്തിയ ഇനം ലഹരി; പരിശോധനയിൽ അമ്പരപ്പ്!

Update: 2025-05-14 09:53 GMT

മലപ്പുറം: സംസ്ഥാനത്ത് ഇപ്പോൾ മയക്കുമരുന്ന് നിരോധനത്തിനെതിരെ കർശന പരിശോധനയാണ് നടക്കുന്നത്. ഇപ്പോൾ തന്നെ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ലഹരിക്കടത്ത് കേസിലെ നിരവധിപേർ ആണ് കുടുങ്ങിയത്. ഇപ്പോഴിതാ, കരിപ്പൂർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവും ലഹരി മരുന്നുകളുമായി മൂന്നു യുവതികള്‍ അറസ്റ്റിലായി.

തായ്‌ലൻഡിൽ നിന്ന് കോലാലമ്പൂർ വഴി എത്തിച്ച 40 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റ്റീവിന് കീഴിലുള്ള കരിപ്പൂർ എയർ കസ്റ്റംസ് വിഭാഗമാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരായ ചെന്നൈ സ്വദേശി റാബിയത് സൈദു , കോയമ്പത്തൂർ സ്വദേശി കവിത രാജേഷ്‌കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവിന് പുറമേ തായ്‌ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ലഹരിമരുന്നും ഇവരിൽ നിന്ന് പിടികൂടി. ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ നിലയിലായിരുന്ന് ലഹരി മരുന്ന്. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടന്ന ലഹരിവേട്ടയിൽ രണ്ടാഴ്‌ചയ്ക്കിടെ പിടിയിലായത്‌ 109പേർ. ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ എം നൗഷാദിന്റെ നേതൃത്വത്തിൽ ജില്ലയിലെ എക്‌സൈസ്‌ ഓഫീസർമാരെ കോർത്തിണക്കിയുള്ള സ്‌പെഷ്യൽ ടീം നടത്തിയ 349 റെയ്‌ഡുകളിൽനിന്നാണ്‌ ഇവർ പിടിയിലായത്‌. 17.149ഗ്രാം എംഡിഎംഎയും 1.69ഗ്രാം മെത്താംഫിറ്റമിനും പിടികൂടി.

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) കേസ്‌ 68എണ്ണമാണ്‌ രജിസ്റ്റർചെയ്തത്. ഇതിൽ 65പേർ കുടുങ്ങി. 47അബ്‌കാരിക്കേസ്‌ രജിസ്റ്റർചെയ്തതിൽ 44പേർ അറസ്റ്റിലായി. 326കോട്‌പാ കേസുകളിലായി 112കിലോ പുകയില ഉൽപ്പന്നം പിടികൂടി. 125ലിറ്റർ വിദേശമദ്യം, ഏഴുലിറ്റർ ബിയർ, 60ലിറ്റർ അരിഷ്ടം, 50ലിറ്റര്‍ കോട, 23ലിറ്റർ വ്യാജമദ്യം എന്നിവയും പിടികൂടിയതിൽ ഉൾപ്പെടുന്നു. ആറു വാഹനവും 1140 തൊണ്ടിസാധനങ്ങളും പിടിച്ചെടുത്തു.

ജില്ലയിലേക്ക്‌ എംഡിഎംഎയും കഞ്ചാവും കൊണ്ടുവരുന്നത്‌ കൂടുതലും ഇതരസംസ്ഥാനക്കാരാണ്‌. പ്രധാനമായും ഇവരിൽ പലരും ഇവിടെ തൊഴിൽ കണ്ടെത്തിയവരാണ്‌. സ്‌കൂൾ, കോളേജ്‌ കേന്ദ്രീകരിച്ച്‌ വിപണനവും ഉപയോഗവും കൂടുതലാണ്‌. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ്‌ കച്ചവടം കൂടുതലും. ഇതിനായി ഒന്നോ രണ്ടോ വിദ്യാർഥികളെ ഉപയോഗപ്പെടുത്തും. അവർക്ക്‌ പണം ഈടാക്കാതെ ലഹരി കൊടുക്കുകയും അവരെക്കൊണ്ടുതന്നെ മറ്റുള്ളവർക്ക്‌ വില ഈടാക്കി വിപണനവും നടത്തുന്നതാണ്‌ പതിവ്‌. ജില്ലയിൽ പിടിക്കപ്പെടുന്ന എംഡിഎംഎയുടെ ഉറവിടം കൂടുതലും ബംഗളൂരു, ഹൈദരാബാദ്‌, നൈജീരിയ എന്നിവിടങ്ങളാണെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    

Similar News