ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങി; പണം ആവശ്യപ്പെട്ടപ്പോള്‍ ഹണിട്രാപ്പ് മോഡലില്‍ യുവതിയെ കൊണ്ട് പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി; തനിക്ക് ബന്ധമില്ലെന്ന മുന്‍ എംഎല്‍എയുടെ വാദങ്ങളെല്ലാം പച്ചക്കള്ളമെന്ന് തെളിയിച്ച് ദൃശ്യങ്ങളും; പോലീസ് കേസെടുത്തപ്പോള്‍ ഒത്തുതീര്‍പ്പു നീക്കവുമായി ഉന്നതര്‍
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങി
തൊടുപുഴ: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെന്ന കേസില്‍ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനെ രക്ഷിക്കാന്‍ വേണ്ടി ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍. തൊടുപുഴയിലെ വ്യവസായികള്‍ മുഖേനെയും മറ്റും സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കാനാണ് നീക്കം സജീവമായി നടക്കുന്നത്. ഇതിനായി രാഷ്ട്രീയരംഗത്തെ ഉന്നതര്‍ തന്നെ രംഗത്തുവന്നു. അതേസമയം സാമ്പത്തികമായി കബളിപ്പിച്ചതിന് പുറമേ തന്നെ ഹണിട്രാപ്പിലും പെടുത്താന്‍ ശ്രമം നടന്നുവെന്ന് വ്യക്തമായതോടെ പരാതിക്കാരനാായ ജുവല്ലറി ഉടമ പിന്‍മാറാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്.
സ്വര്‍ണം വാങ്ങിയ ഇനത്തില്‍ ലഭിക്കേണ്ട പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിനാണ് ഒരു രാഷ്ട്രീയ ഉന്നതന്‍ രംഗത്തുവന്നത്. ഒത്തുതീര്‍പ്പ് ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇതിനായി പലരുമായി ബന്ധപ്പെട്ടു കൊണ്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പത്ത് ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഉടുമ്പന്‍ചോല മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനും സംഘവും തട്ടിയെടുത്തത്. ഇതോടെ മൂന്ന് പേര്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
തൊടുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണസമിതി എന്ന സംഘടനയുടെ സംസ്ഥാന വനിത കോ -ഓര്‍ഡിനേറ്റര്‍ എറണാകുളം കുറുപ്പംപടി ചിറങ്ങര വീട്ടില്‍ ജിജി മാത്യു, സംസ്ഥാന പ്രസിഡന്റ് മുതലക്കോടം കുഴിക്കത്തൊട്ടി സുബൈര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ജനുവരി 17-ന് മാത്യു സ്റ്റീഫനും കൂട്ടുപ്രതികളും ജ്വല്ലറിയുടെ തൊടുപുഴ ഷോറൂമിലെത്തി നിര്‍ധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് 1.69 ലക്ഷം രൂപയുടെ സ്വര്‍ണം കടമായി ആവശ്യപ്പെട്ടു.
മുന്‍ എംഎല്‍എയുടെ ഉറപ്പിന്മേല്‍ സ്വര്‍ണം നല്‍കി. പകരം രണ്ട് ചെക്ക്‌ലീഫുകളും നല്‍കിയിരുന്നു. 30 ദിവസം കഴിഞ്ഞപ്പോള്‍ ഈ ബില്‍ തീര്‍ത്ത് ചെക്ക്ലീഫുകള്‍ തിരികെവാങ്ങി. അന്നുതന്നെ 10ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി. പകരം ചെക്ക്‌ലീഫുകളും നല്‍കി. ഉച്ചകഴിഞ്ഞ് തിരികെയെത്തി പീഡനപരാതി നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ചെക്ക്‌ലീഫ് തിരികെവാങ്ങി-പൊലീസ് പറഞ്ഞു.
മാര്‍ച്ച് 30-ന് പള്ളിക്കത്തോടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ചതിന് ജിജി മാത്യുവും സുബൈറും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് ജ്വല്ലറി ഉടമ പൊലീസില്‍ പരാതിപ്പെട്ടത്. ഏപ്രില്‍ അഞ്ചിനാണ് കേസെടുത്തത്. റിമാന്‍ഡിലായിരുന്ന സുബൈറിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുകയാണെന്നും ജിജി മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു.
കേസില്‍ മാത്യു സ്റ്റീഫനെ അറസ്റ്റ് ചെയ്തിട്ടില്ല. ''1.69 ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കാന്‍ ജ്വല്ലറി ഉടമയുമായി സംസാരിച്ചിട്ടുണ്ട്. സുബൈറാണ് ജിജിയെ പരിചയപ്പെടുത്തിയത്. ഇതല്ലാതെ മറ്റ് കാര്യങ്ങളില്‍ പങ്കില്ല''- മാത്യു സ്റ്റീഫന്‍ പ്രതികരിച്ചത്. എന്നാല്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള സ്റ്റീഫന്റെ നീക്കങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
മാത്യുവും കൂട്ടുപ്രതികളും ജ്വല്ലറിയിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മുന്‍ എംഎല്‍എയുടെ വാദങ്ങല്‍ പൊളിഞ്ഞത്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ തൊടുപുഴ പൊലീസ് കേസെടുത്തെങ്കിലും തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്നായിരുന്നു മാത്യു സ്റ്റീഫന്റെ വിശദീകരണം. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന മാത്യു സ്റ്റീഫന്റെ വാദം പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. കൂട്ടുപ്രതികളും ജനാധിപത്യ സംരക്ഷണ സമിതി പ്രവര്‍ത്തകരുമായ ജിജി, സുബൈര്‍, എന്നിവര്‍ക്കൊപ്പം മാത്യു സ്റ്റീഫന്‍ പലവട്ടം ജ്വല്ലറിയിലെത്തി.
ജനുവരി 17 ന് ജ്വല്ലറിയിലെത്തിയ മാത്യുവും ജിജിയുമടക്കമുള്ളവര്‍ 169000 രൂപയുടെ സ്വര്‍ണം കടമായി വാങ്ങി. തതുല്യമായ തുകയുടെ ചെക്കും നല്‍കി. 27 ന് വീണ്ടുമെത്തി. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമയില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണവും വാങ്ങി. 28 ന് നല്‍കിയ ചെക്കും തിരികെ വാങ്ങി. വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കിയത്. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ഒരു തവണ ജ്വല്ലറിയില്‍ എത്തിയെന്നും സ്വര്‍ണം വാങ്ങിയ പണം തിരികെ നല്‍കിയെന്നുമുള്ള മാത്യു സ്റ്റീഫന്റെ വാദങ്ങളിലും പൊരുത്തക്കേടുകളുണ്ട്.