പുണെയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയത് വിവാഹം കഴിഞ്ഞ് നാലാം ദിവസം; ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല; ഫോൺ സ്വിച്ച് ഓഫായതോടെ ഭർത്താവിനും ബന്ധുക്കൾക്കും സംശയം; അന്വേഷണത്തിൽ പുറത്ത് വന്നത് അമ്പലവട്ടത്തെ ശാലിനിയുടെ ചതി; സ്വർണവും പണവുമായി മുങ്ങിയ യുവതിയെ പൊക്കി പോലീസ്
ചെങ്ങന്നൂർ: ജോലിസ്ഥലത്തേക്കാണെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്തെ അമ്പലപ്പള്ളിയിൽ ശാലിനി(40)യാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെറിയനാട്ട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. അരൂരിൽ വാടക വീട്ടിൽ വൈക്കം സ്വദേശിയുമായി താമസിക്കവെയാണ് യുവതി പിടിയിലായത്.
ജനുവരി 20 നാണ് പരാതിക്കാരനായ യുവാവിന്റേയും ശാലിനിയുടെ വിവാഹം. മൂന്നുദിവസം ചെറിയാനാട്ടെ ഭർതൃവീട്ടിലായിരുന്നു ഇവരുടെ താമസം. ശേഷം ശാലിനി മഹാരാഷ്ട്രയിലെ പുണെയിൽ താൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയി. സ്വർണ്ണാഭരണങ്ങളും പണവുമായാണ് യുവതി സ്ഥലം വിട്ടത്. പിന്നീട് ഭർത്താവും വീട്ടുകാരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ വീട്ടുകാർക്ക് സംശയം തോന്നി അന്വേഷണം ആരംഭിച്ചു.
ഭർതൃ സഹോദരി യുവതിയുടെ ചിത്രം യൂട്യൂബിൽ കണ്ടുപിടിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. ഇതിന് മുമ്പ് 2011-ൽ സമാനമായ തട്ടിപ്പുകേസിൽ ശാലിനിക്കെതിരെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി സമാന കേസുകളിൽ ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
തുടർന്ന് നടന്ന അന്വേഷണത്തിൽ ശാലിനി അരൂരിൽ വാടക വീട്ടിൽ വൈക്കം സ്വദേശിയുമായി താമസിക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്‌പെക്ടർ പ്രദീപ് എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ഹരികുമാർ, ശ്രീകല, സിപിഒ മാരായ മിഥിലാജ്, ഹരീഷ്, അജീഷ് കരീം എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.