കേരളത്തിലേക്ക് ലഹരിക്കടത്ത്; പ്രധാന കണ്ണി ടാന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണ്‍ പിടിയില്‍; പ്രതി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍; മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖിനെ ചോദ്യം ചെയ്തത് നിര്‍ണായകമായി
കേരളത്തിലേക്ക് ലഹരിക്കടത്ത്; പ്രധാന കണ്ണി ടാന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണ്‍ പിടിയില്‍
ബംഗളൂരു: കേരളത്തിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാനിയും ബംഗളൂരുവിലെ കര്‍ണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാര്‍ത്ഥിയുമായ ടാന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണ്‍ വയനാട് പൊലീസിന്റെ പിടിയിലായി. സുല്‍ത്താന്‍ ബത്തേരി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖ് എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണം പ്രിന്‍സിലേക്ക് എത്തിയത്.
കേരളത്തിലേക്ക് ലഹരി നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍ എന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 24നാണ് മുത്തങ്ങയില്‍ മലപ്പുറം സ്വദേശി ഷഫീഖ് എന്നയാള്‍ 94 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രിന്‍സ് സാംസണെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് ബാംഗ്ലൂര്‍ എത്തിയ വയനാട് പൊലീസ് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
താമസസ്ഥലത്തു വെച്ചാണ് പ്രിന്‍സ് സാംസണെ പിടികൂടിയത്. നാലു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട്. പ്രതി എംഡിഎംഎ ഉല്‍പാദിപ്പിച്ചിരുന്നെന്നും പൊലീസിന് സംശയമുണ്ട്. അനധികൃത അക്കൗണ്ട് വഴി രണ്ടു മാസത്തിനിടെ 80 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും.