വിദേശത്ത് നിന്നെത്തിയവരുടെ ഇന്നോവ കാറിനെക്കുറിച്ച് രഹസ്യവിവരം; പരിശോധിച്ച പോലീസ് കണ്ടത് ഈന്തപ്പഴത്തിന്റെ ബാഗില്‍ സൂക്ഷിച്ച എംഡിഎംഎ; ആറ്റിങ്ങലില്‍ പിടിടൂകിയത് ഒന്നേകാല്‍ കിലോ എംഡിഎംഎ; നാല് കോടിക്ക് മുകളില്‍ വില വരുന്ന ലഹരിയുമായി പിടിയിലായത് നാല് പേര്‍
വിദേശത്ത് നിന്നെത്തിയവരുടെ ഇന്നോവ കാറിനെക്കുറിച്ച് രഹസ്യവിവരം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഡിഎംഎ വേട്ട. ഒന്നേകാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. 4 പേര്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായിട്ടുണ്ട്. സഞ്ചു, നന്ദു, ഉണ്ണിക്കൃഷ്ണന്‍, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. വിദേശത്ത് നിന്ന് ബാഗേജിലാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് ഇന്ത്യയില്‍ വില്‍ക്കാനായിരുന്നു നീക്കം.
ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക്, വിദേശത്ത് നിന്നെത്തിയവര്‍ സഞ്ചരിച്ച ഇന്നോവ കാറിന് കല്ലമ്പലത്ത് വെച്ച് പൊലീസ് കൈ കാണിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയതിന് തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി പരിശോധിക്കുകയായിരുന്നു. ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിനുള്ളില്‍ നിന്നാണ് ഒന്നേകാല്‍ കിലോ എംഡിഎംഎ കണ്ടെത്തിയത്.
പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് നാല് കോടിക്ക് മുകളില്‍ വല വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിടിയിലായ സഞ്ജുവിന് ലഹരിവില്‍പ്പനയുമായി ബന്ധമുണ്ട്. മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.