പ്ലസ്ടു പഠനശേഷം വിദേശത്ത് പഠനത്തിന് ഭാഷാപഠനം വിജയകരമായി പൂര്‍ത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ നേരില്‍ കണ്ടത് അച്ഛന്റെ ക്രൂരത; അത്താഴം കഴിഞ്ഞ് ഇരിക്കുമ്പോള്‍ അച്ഛനുമായി ബന്ധമുള്ള സ്ത്രീയുടെ പേരില്‍ തുടങ്ങിയ തര്‍ക്കം; ആ രാത്രിയില്‍ പണ്ടകശാലപ്പറമ്പില്‍ വീട്ടില്‍ സംഭവിച്ചത്

Update: 2025-02-14 03:26 GMT

ചേര്‍ത്തല: നഗരമധ്യത്തില്‍ വടക്കേയങ്ങാടി കവലയ്ക്ക് കിഴക്ക് പണ്ടകശാലപ്പറമ്പില്‍ വീട്ടില്‍ സജിയെന്ന വീട്ടമ്മ ഭര്‍ത്താവ് സോണിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തെളിഞ്ഞത് മകള്‍ മീഷ്മയുടെ നിശ്ചയ ദാര്‍ഡ്യം. പ്ലസ്ടു പഠനശേഷം വിദേശത്ത് പഠനത്തിന് ഭാഷാപഠനം വിജയകരമായി പൂര്‍ത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് അച്ഛന്റെ ക്രൂരത മകളെ തകര്‍ത്ത്. എല്ലാം മനസ്സിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും സ്വന്തം മകളേയും വകവരുത്താന്‍ അച്ഛനൊരുങ്ങി. ഭീഷണിയും പെടുത്തി. ഇതോടെ മീഷ്മ ഇല്ലാം തുറന്നു പറയുകയായിരുന്നു. വിദേശജോലിയിലായിരുന്ന സഹോദരന്‍ ബെന്നോബി പി ഉലഹന്നാന്‍ സംഭവശേഷമാണ് നാട്ടിലെത്തിയത്. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്‍ ആക്രമിച്ചതു മൂലമാണെന്നുമുള്ള മകളുടെ വെളിപ്പെടുത്തല്‍ ശരിയെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സജി മരിച്ചത് അക്രമത്തില്‍ തലയുടെ വലതുഭാഗത്തേറ്റ പരിക്കും തലച്ചോറിനും തലയോട്ടിക്കുമിടയിലെ ഞരമ്പുകള്‍ പൊട്ടിയുള്ള ആന്തരിക രക്തസ്രാവവും മൂലമാണെന്നാണു കണ്ടെത്തല്‍. വീഴ്ചയിലുണ്ടായ പരിക്കല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജനുവരി എട്ടിനാണ് സജി ഭര്‍ത്താവിന്റെ ആക്രമണത്തിന് ഒടുവില്‍ ഇരയായത്. കോണിപ്പടിയില്‍നിന്ന് വീണ് പരിക്കേറ്റെന്നാണ് ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. പുറമെ പരിക്കൊന്നും ഇല്ലായിരുന്നതിനാല്‍ അവര്‍ മുഖവിലയ്ക്ക് എടുക്കുകയുംചെയ്തു. കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചതോടെ സാഹചര്യം മാറി. സജിയെ സോണി തള്ളിയിട്ടെന്നും തല ഭിത്തിയിലിടിപ്പിച്ചെന്നുമാണ് ദൃക്സാക്ഷിയായ മകള്‍ മീഷ്മ പൊലീസിനെ അറിയിച്ചത്. ഇതോടെ സത്യം പുറത്തായി. ആര്‍ഡിഒയുടെ അനുമതിവാങ്ങി സെമിത്തേരിയില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഇതോടെ മരണകാരണം ആക്രമണമാണെന്ന് തെളിയിച്ചു. സോണി അറസ്റ്റിലുമായി. ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പുപ്രകാരം കൊലപാതകമല്ലാത്ത നരഹത്യക്കാണു കേസ്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

തലയ്ക്കേറ്റ പരിക്കുകളോടെ ജനുവരി എട്ടിനാണ് സജിയെ, ഭര്‍ത്താവും മകളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. പരിക്കിനുകാരണം വീട്ടിലെ കോണിപ്പടിയില്‍നിന്ന് വീണതാണെന്നാണു പോലീസിലും ആശുപത്രിയിലും പറഞ്ഞത്. ഒരുമാസം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു സജി. ചൊവ്വാഴ്ചയാണ് മീഷ്മ അച്ഛനെതിരേ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയത്. സജിയുടെ തല സോണി ചുമരിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് മീഷ്മയുടെ മൊഴി. തുടര്‍ന്നാണ് സോണിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ബുധനാഴ്ച പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മക്കളായ ബെന്നോബിയുടെയും മീഷ്മയുടെയും സാന്നിധ്യത്തില്‍ അതേ കല്ലറയില്‍ സംസ്‌കരിച്ചു.

ജനുവരി എട്ടിന് അക്രമം നടന്നപ്പോള്‍ത്തന്നെ മകള്‍ മീഷ്മ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നതാണ്. എന്നാല്‍, കണ്‍ട്രോള്‍ റൂമില്‍നിന്നു തിരികെ വിളിയെത്തിയപ്പോഴേക്കും അമ്മയെ ആശുപത്രിയിലെത്തിക്കാനുള്ള തിരക്കായതിനാല്‍ കോളെടുക്കാനായില്ലെന്നു മീഷ്മ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. എന്നാല്‍, പിന്നീടു പോലീസ് വിളിച്ചപ്പോള്‍ അച്ഛന്‍ ഉപദ്രവിക്കുമെന്ന ഭയത്താലും അമ്മ രക്ഷപ്പെടുമെന്നു കരുതിയുമാണ് കോണിപ്പടിയില്‍നിന്നു വീണാണു പരിക്കേറ്റതെന്നു പറഞ്ഞതെന്നും മൊഴിലുണ്ട്. സജിയും മീഷ്മയും അത്താഴം കഴിഞ്ഞ് ഇരിക്കുന്ന സമയത്താണ് അച്ഛനുമായി ബന്ധമുള്ള സ്ത്രീയുടെ പേരില്‍ ഇരുവരും തമ്മില്‍ സംസാരമുണ്ടായത്. ഇതിഷ്ടപ്പെടാതിരുന്ന അച്ഛന്‍ തെറിവിളിച്ച് ഇരുകവിളിലും കൈയിലും ഇടിക്കുകയും അമ്മയുടെ തലപിടിച്ച് ഭിത്തിയില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു. അമ്മ നിലത്തേക്കു കുഴഞ്ഞുവീഴുന്നതു കണ്ടാണ് പുറത്തേക്കോടിയതെന്നും മൊഴിയിലുണ്ട്.

പുറത്തേക്കോടിയ മീഷ്മ വീടിനുസമീപം താമസിക്കുന്ന ബന്ധുക്കളായ ദമ്പതിമാരെയാണ് കാര്യമറിയിച്ചത്. അവര്‍ വീട്ടിലെത്തിയെങ്കിലും സോണി വീട്ടില്‍ കയറ്റിയില്ല. പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞ് മടക്കി. മീഷ്മ വീട്ടില്‍ക്കയറി നോക്കുമ്പോള്‍ സജിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഛര്‍ദിക്കുകയും ചെയ്തു. വീണ്ടും അയല്‍പക്കത്തുള്ള ബന്ധുവിനെ വിവരമറിയിച്ചതോടെയാണ് ഓട്ടോയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്നും മീഷ്മയുടെ മൊഴിയിലുണ്ട്.

Tags:    

Similar News