മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; മരണശേഷം ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ ഐബി സഹായം തേടി പോലീസ്; സുകാന്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞത് ടോള്‍പ്ലാസയിലെ മെസേജിലൂടെയെന്ന് മേഘയുടെ പിതാവ്
മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ
കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ സുകാന്ത് ഒളിവിലാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം.
ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്.
രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മേഘ പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്ര ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു.
ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനായുള്ള തിരച്ചിലില്‍ ഐബിയുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. അതേസമയം, സുകാന്ത് ഒളിവില്‍ പോയത് പൊലീസിന്റെ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. പോലീസിന്റെ വീഴ്ചയാണ് ഇദ്ദേഹം ഒളിവില്‍ പോകാന്‍ കാരണമെന്ന് മേഘയുടെ അച്ഛന്‍ മധുസൂദനന്‍ ആരോപിച്ചു. മകളുടെ മരണം അറിഞ്ഞപ്പോള്‍ തന്നെ, സുകാന്ത് സുരേഷുമായുള്ള ബന്ധവും പറഞ്ഞിരുന്നതാണ്. ഒരാഴ്ച പിന്നിടുമ്പോഴും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ജൂലായില്‍ എറണാകുളം ടോള്‍ പ്ലാസയില്‍നിന്ന് ഫാസ്ടാഗിലേക്ക് പണം പോയെന്ന സന്ദേശം എത്തിയത് ചോദിച്ചപ്പോഴാണ് മകള്‍ സുകാന്തുമായുള്ള ബന്ധം വെളിപ്പെടുത്തിയതെന്ന് അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു. മകള്‍ക്കായി വാങ്ങിയ കാര്‍ തന്റെ പേരിലുള്ളതാണ്. അതിനാലാണ് മെസേജ് തന്റെ ഫോണിലേക്ക് വന്നത്. സുകാന്തിനെയേ വിഹാഹം കഴിക്കുകയുള്ളൂവെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കുടുംബാംഗങ്ങള്‍ നേരിട്ട് സുകാന്തിനെ കാണുകയോ വിളിക്കുകയോ ചെയ്യുന്നത് മകള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അതിനാല്‍, മകള്‍ പറഞ്ഞുള്ള അറിവ് മാത്രമേ സുകാന്തിനെപ്പറ്റിയുള്ളൂ.
മകളുടെ ഇഷ്ടങ്ങള്‍ അംഗീകരിക്കുന്നതിനും തയ്യാറായിരുന്നു. ഇപ്പോള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത് അറിഞ്ഞത്. അതുകൊണ്ടാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു.
ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി മേഘയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്കുള്ള സംശയങ്ങളും അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. അന്വേഷണ പുരോഗതിയും ഐബിയുടെ ഇടപെടലും സംബന്ധിച്ച വിവരങ്ങള്‍ സുരേഷ്‌ഗോപി ചോദിച്ചറിഞ്ഞു. ഐബി തലത്തിലുള്ള അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ വൈകുന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.