മേഘയുടെ മരണം: ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ്; ഉദ്യോഗസ്ഥന്റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടി പൊലീസ്, ഐബിക്ക് കത്തുനല്‍കും; മേഘയും സുകാന്തുമായുള്ള പണമിടപാട് രേഖകളും ശേഖരിച്ചു; അവസാനമായി വിളിച്ചപ്പോള്‍ ആ എട്ട് മിനിറ്റ് ഇരുവരും സംസാരിച്ചതെന്ത് എന്നതും നിര്‍ണായകം
മേഘയുടെ മരണം: ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍
തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്റെ വിവരങ്ങള്‍ തേടി പൊലീസ്. ഇക്കാര്യത്തില്‍ ഐബിക്കു കത്തുനല്‍കും. കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുടെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്.
ഉദ്യോഗസ്ഥനെ ഉടന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനാണു നീക്കം. കഴിഞ്ഞ ദിവസം മലപ്പുറത്തെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥന്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ് പറയുന്നത്. സംഭവത്തില്‍ പേട്ട പൊലീസ് എസ്എച്ച്ഒ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കൊച്ചിയില്‍ എത്തി അന്വേഷണം നടത്തും. രണ്ടു പേരുടെയും ബാങ്ക് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മലപ്പുറത്തെ സുകാന്തിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയിരുന്നു. എന്നാല്‍, വീട് അടച്ചിട്ട നിലയിലാണെന്നും പൊലീസ് പറയുന്നു. കൊച്ചിയില്‍ സുകാന്ത് ജോലി ചെയ്യുന്ന ഐബി ഓഫീസിലും പോയിരുന്നു. എന്നാല്‍, മേഘയുടെ മരണം നടന്ന് അടുത്ത ദിവസംമുതല്‍ ഇയാള്‍ അവധിയിലാണ്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തുടര്‍ന്ന് സുകാന്ത് ഓഫീസിലെത്തുകയാണെങ്കില്‍ പേട്ട പൊലീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്.
മേഘുടെ മരണത്തിനു പിന്നാലെ സുകാന്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മേഘയും സുകാന്തുമായുള്ള പണമിടപാട് രേഖകളും പൊലീസ് ശേഖരിച്ചിരുന്നു. മേഘയുടെ ശമ്പളമടക്കുമുള്ള തുക മുഴുവന്‍ ഇയാള്‍ കൈക്കലാക്കിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതാണ് കുടുംബത്തിന്റെ ആരോപണം. ഐബി ഉദ്യോഗസ്ഥനുമായ എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷ് ആണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് പരാതി നല്‍കിയതാണ്. എന്നാല്‍ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പോലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാന്‍ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും കുടുംബം ആരോപിച്ചു.
ഇതിനിടെ പത്തനംതിട്ട കലഞ്ഞൂരിലെ മേഘയുടെ വീട്ടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി. ഐബി അന്വേഷണം വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കി. മേഘയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കി. അന്വേഷണം ത്വരിതപ്പെടുത്താന്‍ ശ്രമിക്കുമെന്നും അതില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണ ഊര്‍ജിതം എന്നാണ് പോലീസ് വിശദീകരണം. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിര്‍ണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്തിന്റെ മൊഴിയെടുത്തിരുന്നു. ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിശദീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ മേഘയെ മാര്‍ച്ച് 24ന് രാവിലെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേഘയെ മരണത്തിലേക്കു നയിച്ചത് എടപ്പാള്‍ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്നാണു കുടുംബത്തിന്റെ ആരോപണം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന വിവരം വ്യക്തമായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായാണ് മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞത്. ആദ്യ കാലങ്ങളില്‍ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിനു രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണു പോയിട്ടുള്ളതെന്നും മധുസൂദനന്‍ പറഞ്ഞു.
മേഘയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് മിനിറ്റ് ഇരുവരും സംസാരിച്ചതിന്റെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. എന്താണ് ഈ സംസാരത്തില്‍ നടന്നത് എന്നറിയേണ്ടത് കേസില്‍ നിര്ഞണായകമാണ്. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.