മിഷേല്‍ ഷാജിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത 60തോളം സന്ദേശങ്ങള്‍ കണ്ടെത്തും; ഏത് പാലത്തില്‍ നിന്നും ചാടിയെന്നും വിലയിരുത്തും

2017 മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Update: 2024-09-16 02:36 GMT

കൊച്ചി: വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. കേസ് അന്വഷണത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയെന്ന ആക്ഷേപങ്ങള്‍ നേരത്തെ ശക്തമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീഴ്ച്ച പറ്റിയ കാര്യങ്ങളില്‍ ഊന്നിയാകും പരിശോധന നടക്കുക.

പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മിഷേല്‍ ചാടിയത് ഏത് പാലത്തില്‍ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനും ശ്രമിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയിരുന്നു. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

അതേസമയം, മിഷേല്‍ ഷാജിയുടെ മരണത്തില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രെംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അമിക്കസ് ക്യൂറിയെ നിയോഗിച്ച് കേസ് ഡയറിയടക്കം വിശദമായി പരിശോധിച്ച കോടതി മിഷേലിന്റേത് മുങ്ങിമരണമാണെന്ന ക്രൈംബാഞ്ചിന്റെ കണ്ടെത്തലിനോട് യോജിച്ചുകൊണ്ടാണ് സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളിയത്.

എറണാകുളത്ത് സി.എ. ഫൗണ്ടേഷന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് വൈകീട്ട് ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍, കലൂര്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കു ശേഷം സന്ധ്യയോടെ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് കായലില്‍ ചാടി ജീവനൊടുക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ചതില്‍നിന്ന്, പ്രേരണക്കുറ്റത്തിന് മിഷേലിന്റെ സുഹൃത്തായിരുന്ന പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിക്കെതിരേ കേസെടുത്തിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നും മകളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതടക്കമുള്ള കാരണങ്ങളാണ് പിതാവ് ഉന്നയിച്ചത്.

എന്നാല്‍, ഇതൊക്കെ വിശദമായി പരിശോധിച്ച കോടതി ഇതില്‍ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തില്‍ എത്തിയത്. എന്നാല്‍, ചില കാര്യങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതില്‍ ക്രൈംബ്രാഞ്ചിന് വീഴ്ചയുണ്ടായി എന്നും കോടതി വിലയിരുത്തി. കാണാതായ ദിവസം വൈകുന്നേരം മിഷേല്‍ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകുന്നേരം കൊച്ചി കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എങ്കില്‍ ദേഹത്ത് കണ്ട പാടുകളും എഫ്‌ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വര്‍ഗീസ് ചോദിക്കുന്നത്.

മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ലെന്നാണ് പരാതി. മിഷേല്‍ പള്ളിയിലുള്ള സമയം സിസിടിവിയില്‍ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതെന്ന് എഫ്‌ഐആറില്‍ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കുടുംബം പറയുന്നു. മകള്‍ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളായിരുന്നു മിഷേലെന്നും അമ്മയും ഉറപ്പിച്ച് പറയുന്നു. മിഷേലിന്റെ മൊബൈല്‍ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്.

മിഷേല്‍ ഗോശ്രീ രണ്ടാം പാലത്തില്‍നിന്ന് കായലില്‍ ചാടിയതാണെന്നതിന് വ്യക്തമായ തെളിവില്ല. അതിലേ കടന്നുപോയ അമല്‍ ജോര്‍ജിന്റെ മൊഴിയാണ് ഇതിന് ആധാരം. സാക്ഷി പറഞ്ഞ ഇടം കേന്ദ്രീകരിച്ചാണ് കായലില്‍ പരിശോധന നടത്തിയത്. അതിനാല്‍ ബാഗും വാച്ചും ഷൂസും കണ്ടെടുക്കാനായില്ല. ഗോശ്രീ ഒന്നാം പാലത്തിനടുത്തേക്കും തിരച്ചില്‍ വ്യാപിപ്പിക്കേണ്ടതായിരുന്നു. ദേഹം ജീര്‍ണിക്കാത്തതിനു കാരണമായി പറഞ്ഞത് വെള്ളത്തിലെ ഉപ്പുരസം അടക്കമുള്ള കാരണങ്ങളാണ്. എന്നാല്‍, ശാസ്ത്രീയ പരിശോധനകള്‍ക്ക് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ജലസാംപിള്‍ മാത്രമാണ് ശേഖരിച്ചത്. പെണ്‍കുട്ടി ചാടിയെന്ന് പറയുന്നിടത്തെ വെള്ളം ശേഖരിച്ചില്ല.

മട്ടാഞ്ചേരി വാര്‍ഫിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വേലിയിറക്കത്തിന്റെ ഫലമായാണ് ശരീരം ഒഴുകിയതെന്ന പോലീസിന്റെ നിഗമനം ശരിയാണ്. എന്നാല്‍, ദേഹം വെള്ളത്തില്‍ കിടന്ന 20 മണിക്കൂറിനിടെ എത്ര വേലിയിറക്കമുണ്ടായെന്ന് പഠനം നടത്തിയിട്ടില്ല. മിഷേലിന്റെ വയറ്റില്‍ കാരറ്റിന്റെ അംശമുണ്ടായിരുന്നു. ഹോസ്റ്റല്‍ പാചകത്തിന് കാരറ്റ് ഉപയോഗിച്ചിരുന്നില്ല. മറ്റാര്‍ക്കെങ്കിലും ഒപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരിക്കാനുള്ള സാധ്യതകള്‍ വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയിട്ടും സമീപത്തെ ഹോട്ടലുകളില്‍ അന്വേഷിച്ചില്ല. ഏഴു വര്‍ഷം കടന്നുപോയതിനാല്‍ ഇക്കാര്യം ഇനി അന്വേഷിച്ചിട്ടു കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട ക്രോണിന്‍ അലക്‌സാണ്ടര്‍ മിഷേലിനെ കാണാതാകുന്ന ഡിസംബര്‍ അഞ്ചിന് അഞ്ചുമണിക്കൂറിനുള്ളില്‍ 60 മെസേജുകളാണ് മിഷേലിന് അയച്ചത്. ഇവയൊക്കെ മിഷേലിനെ കാണാതായി എന്ന് അറിഞ്ഞതോടെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിഷേല്‍ അവസാനം ഫോണില്‍ സംസാരിച്ചതും ക്രോണിനോടാണ്. എന്നാല്‍, യുവാവ് ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാനായിട്ടില്ല. ക്രോണിന്റെ ഫോണില്‍നിന്ന് കണ്ടെടുത്ത ഒരു അണ്‍സെന്‍ഡ് സന്ദേശം മനസ്സ് ഉലയ്ക്കുന്ന വിധത്തിലുള്ളതാണെന്നും ഹൈക്കോടതി വിലയിരുത്തി.

ഇരുവരുടെയും സൗഹൃദത്തിന് മിഷേലിന്റെ വീട്ടുകാര്‍ എതിരായിരുന്നുവെന്ന് വ്യക്തമാണ്. അവസാന ദിവസങ്ങളിലെ ഫോണ്‍ വിളി വിവരങ്ങള്‍ നോക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്ന് സൂചനകളുണ്ട്. എന്നാല്‍, യുവാവ് കുറ്റക്കാരനാണോ എന്ന് വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags:    

Similar News