ഗവിസിദ്ധപ്പ പ്രണയിച്ച പെണ്‍കുട്ടി സാദിഖിന്റെയും കാമുകിയെന്ന് കര്‍ണാടക പൊലീസ്; കൊപ്പാളിയിലേത് ദുരഭിമാനക്കൊലയോ? വിവാദ വാഗ്ദാനവുമായി ബിജെപി എംഎല്‍എ; മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത് വിവാദത്തില്‍
മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം
കൊപ്പാള്‍: മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. കര്‍ണാടകയിലെ ബിജാപൂര്‍ സിറ്റി എംഎല്‍എയും ബിജെപിയുടെ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീല്‍ യത്‌നാള്‍ ആണ് ഞായറാഴ്ച വിവാദ പ്രസ്താവന നടത്തിയത്. വെറുതെ പറയുന്നതല്ല ഇക്കാര്യം വലിയ തോതില്‍ പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ താന്‍ സജീവമാക്കുമെന്നും ബസനഗൗഡ പാട്ടീല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രസ്താവന ഇതിനോടകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.
കൊപ്പാളില്‍ മുസ്ലിം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രസ്താവന. ഈ വാഗ്ദാനവുമായി താന്‍ പ്രചാരണം നടത്തുമെന്നും എംഎല്‍എ വിശദമാക്കി. വാല്‍മീകി വിഭാഗത്തിലുള്ള യുവാവിന്റെ വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. വടിവാള്‍ വച്ച് മുസ്ലിം ആരാധനാലയത്തിന് മുന്നില്‍ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ കടയാന്‍ ആരും ശ്രമിച്ചില്ല. സര്‍ക്കാര്‍ ന്യൂനപക്ഷത്തെ പിന്തുണയ്ക്കുന്നത് പതിവാണെന്നുമാണ് എംഎല്‍എ ആരോപിക്കുന്നത്. നിയമസഭയില്‍ പ്രശ്‌നം വലിയ രീതിയില്‍ ഉന്നയിക്കുമെന്നും എംഎല്‍എ വിശദമാക്കി.
യുവാവിനെ കുടുംബത്തിന് സര്‍ക്കാര്‍ വര്‍ഗീയ അക്രമണത്തില്‍ കൊലപ്പെട്ടതായി കണക്കാക്കി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 3നാണ് ഗവിസിദ്ധപ്പ നായക് എന്ന 26കാരനെ മുസ്ലിം ആരാധനാലയത്തിന് മുന്നില്‍ വച്ച് വെട്ടിക്കൊന്നത്. സംഭവത്തില്‍ മൂന്ന് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളുമായി കേസിലെ പ്രധാന പ്രതി സാദിഖ് ഹുസൈന്‍ കൊലപാതകത്തിനുശേഷം പൊലീസില്‍ കീഴടങ്ങിയിരുന്നു. മറ്റ് മൂന്ന് പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.
ഗവിസിദ്ധപ്പ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ സാദിഖും പ്രണയിച്ചിരുന്നുവെന്നും ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞത്. എന്നാല്‍, ഇത് ദുരഭിമാനക്കൊലയാണെന്ന് എംഎല്‍എ ബസനഗൗഡ പാട്ടീല്‍ ആരോപിച്ചു.