'അമ്മയുടെ ദേഹത്ത് എന്തോ ഒഴിക്കുന്നത് ഞാൻ കണ്ടു..; ഉടനെ അവർ എന്‍റെ അമ്മയെ കത്തിച്ചുകളഞ്ഞു; ആ നിലവിളി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു..!!'; നൊമ്പരമായി നിക്കിയുടെ മകന്റെ വാക്കുകൾ; എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നാട്ടുകാർ

Update: 2025-08-26 05:53 GMT

നോയിഡ: നോയിഡയിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃഗൃഹത്തിൽ ക്രൂരമായി കൊലപ്പെട്ട 28 കാരിയായ നിക്കി ഭാട്ടിയയുടെ മകൻ വേദനയാകുന്നു. 'അവർ എൻ്റെ അമ്മയെ കത്തിച്ചുകളഞ്ഞു' എന്ന് പറഞ്ഞാണ് ആ ഏഴു വയസുകാരൻ വിതുമ്പുന്നത്. മകന്റെ ഈ വാക്കുകൾ കേട്ടവരെയും കണ്ണീരിലാഴ്ത്തി. അമ്മയെ കത്തിക്കുന്നതിന് മുൻപ് അവരുടെ ദേഹത്ത് എന്തോ ഒഴിക്കുന്നത് കണ്ടിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.

നിക്കിയുടെ പിതാവ് ഭിക്കാരി സിംഗിൻ്റെ വാക്കുകളിൽ, "എല്ലാ വൈകുന്നേരവും അവൻ അമ്മയെ ഓർത്ത് കരയുന്നു. 'അവർ എൻ്റെ അമ്മയെ കത്തിച്ചുകളഞ്ഞു' എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഞങ്ങൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. എനിക്ക് കഴിയുന്ന വിധം ഞാൻ അവനെ വളർത്തും," എന്ന് അദ്ദേഹം പറഞ്ഞു.

ഈ കേസിൽ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടി, ഭർത്തൃസഹോദരൻ രോഹിത് ഭാട്ടി, വിപിൻ്റെ അമ്മ ദയ, അച്ഛൻ സത്യവീർ ഭാട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുൻപ് വിപിനും അമ്മയും ചേർന്ന് നിക്കിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഓഗസ്റ്റ് 21നാണ് വിപിൻ ഭാട്ടിയും കുടുംബവും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. 36 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടാണ് നിക്കിയെ ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നതെന്ന് നിക്കിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിപിൻ നിക്കിയെ സ്ഥിരമായി മർദ്ദിച്ചിരുന്നതായും നിക്കിയുടെ പിതാവ് വെളിപ്പെടുത്തി.

വിപിനും സഹോദരനും തൊഴിൽരഹിതരായിരുന്നു. അവരുടെ പിതാവിൻ്റെ പലചരക്ക് കടയിലെ വരുമാനമാണ് കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗം. സ്വന്തമായി ഒരു സലൂൺ തുടങ്ങാൻ നിക്കി ആഗ്രഹിച്ചെങ്കിലും വിപിൻ ഇതിന് വിസമ്മതിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. ഇതിനു പിന്നാലെയാണ് നിക്കിയെ ഭർത്താവും കുടുംബവും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിപിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ വിപിൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും, ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ്റെ തോക്ക് തട്ടിത്തെറിപ്പിച്ച് മറ്റ് പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് വിപിൻ്റെ കാലിൽ വെടിവെച്ച് പിടികൂടി. സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ ഈ ക്രൂരമായ കൊലപാതകം സമൂഹത്തിൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരിക്കുകയാണ്.

Tags:    

Similar News