രാത്രി ഡിന്നർ കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം പുറത്തേക്കിറങ്ങി; സംസാരിച്ചു നിൽക്കവേ ആൺസുഹൃത്തിന്റെ അതിക്രമം; 17-കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി; വേദനകൊണ്ട് നിലവിളിച്ച് പെൺകുട്ടി; ഓടിയെത്തിയ അമ്മയോട് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മറുപടി; പോലീസ് പറയുന്നത് മറ്റൊന്ന്!
മുംബൈ: സമൂഹത്തിൽ ഇപ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുകയാണ്. ചെറിയ കാര്യങ്ങൾക്ക് വരെ ഉപദ്രവിക്കുന്ന പ്രവണത കൂടി വരുകയാണ്. ഇപ്പോഴിതാ, മുംബൈയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ ആൺസുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അന്ധേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 17-കാരിയെ 30-കാരൻ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. അന്ധേരിയിലെ മാറോൾ സ്വദേശി ജിതേന്ദ്രയാണ് പെൺകുട്ടിയെ ആക്രമിച്ചത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമായിരിന്നു നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.
ജിതേന്ദ്രയും പ്രദേശവാസിയായ പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാൾ മകളെ കാണുന്നത് പെൺകുട്ടിയുടെ അമ്മ നേരത്തെ വിലക്കിയിരുന്നു. ഇയാൾ അതിക്രമം കാണിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളും നിലവിൽ ചികിത്സയിലാണ്.
രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം റോഡിന് സമീപം കൂട്ടുകാരികളുടെ കൂടെ പുറത്തിറങ്ങി ഇരിക്കുകയായിരുന്ന പെൺകുട്ടിയുടെ മേൽ ജിതേന്ദ്ര പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ദേഹമാകെ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംസാരിക്കാനാകാത്ത നിലയിലാണ് പെൺകുട്ടിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അമ്മ സ്ഥലത്തെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തെത്തിയ അമ്മയോട് താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ജിതേന്ദ്ര പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. തങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണെന്നും പ്രണയബന്ധം ഇല്ലെന്നും പെൺകുട്ടി പറഞ്ഞതായി അമ്മ പോലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയ്‌ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.