മുംബൈയില്‍ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിന്റെ മരണം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭാര്യയും കാമുകനും സുഹൃത്തും ചേര്‍ന്ന് തല്ലിച്ചതച്ചു; പോലീസ് വിവരം നല്‍കിയത് ഇവരുടെ മക്കള്‍; ഭാര്യയും സുഹൃത്തും കസ്റ്റഡിയില്‍; കാമുകനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
മുംബൈ: സിനിമാ രംഗത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ഭരത് അഹീറെയുടെ (40) കൊലപാതകത്തില്‍ ഭാര്യ രാജശ്രീ (35)യും സുഹൃത്ത് രംഗയും പൊലീസ് പിടിയിലായി. രാജശ്രീയുടെ കാമുകന്‍ ചന്ദ്രശേഖറിനായി പൊലീസ് വ്യാപകമായ തിരച്ചില്‍ തുടരുന്നു. ജൂലൈ 12-ന് ഭരത് അഹീറെയെ രാജശ്രീയുടെ സാന്നിധ്യത്തില്‍ ചന്ദ്രശേഖറും കൂട്ടാളിയായ രംഗയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പൊലീസ് കണ്ടെത്തി. ബൈക്കപകടത്തില്‍ പരുക്കേറ്റുവെന്ന വ്യാജേന ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്വേഷണം നടത്തിയപ്പോള്‍ കൊലപാതക ഗൂഢാലോചനയാണെന്ന് വ്യക്തമായി.
ജൂലൈ 19നാണ് പരുക്കേറ്റ ഭരത് അഹീറെയെ മലാഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്കപകടത്തില്‍ പരുക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടെ പറഞ്ഞിരുന്നത്. പൊലീസ് ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോള്‍, ബൈക്കപകടം ആണെന്ന് ഭരതും മൊഴി നല്‍കി. എന്നാല്‍ ജൂലൈ 12നു ഭാര്യ രാജശ്രീയുടെ സാന്നിധ്യത്തില്‍ ഭരതിനെ രണ്ടു പുരുഷന്മാര്‍ ക്രൂരമായി മര്‍ദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ആരേ കോളനിയിലെ വീടിന് സമീപമാണ് ആക്രമണം നടന്നത്. സംഭവത്തിന് സാക്ഷിയായ ഭരതിന്റെ രണ്ടു പെണ്‍മക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പിതാവിനെ അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചതായി കുട്ടികള്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
രാജശ്രീക്ക് ഇതേ കോളനിയിലെ താമസക്കാരനായ ചന്ദ്രശേഖര്‍ എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവരുടെ ബന്ധത്തെച്ചൊല്ലി ഭരതും രാജശ്രീയും നിരന്തരം വഴക്കിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ ഒഴിവാക്കാനായിരുന്നു രാജശ്രീയുടെ ഗൂഢാലോചനയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂലൈ 12ന് ചന്ദ്രശേഖറും കൂട്ടാളി രംഗയും ചേര്‍ന്ന് ഭരതിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാജശ്രീയും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ആളുകൂടിയപ്പോള്‍ പ്രതികള്‍ സ്ഥലം വിട്ടു. പരുക്കേറ്റ ഭരതിനെ ആദ്യം വീട്ടിലേക്കാണ് കൊണ്ടുപോയത്. പിന്നീട് നില വഷളായപ്പോള്‍ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഓഗസ്റ്റ് 5-ന് ചികിത്സയ്ക്കിടെ ഭരത് മരണമടഞ്ഞു. തുടര്‍ന്ന് പോലീസ് ഭാര്യയക്കും സുഹൃത്തിനും കാമുകനും എതിര കൊലക്കുറ്റത്തിന് കേസെടുത്തു.
അറസ്റ്റിലായ രാജശ്രീയും രംഗയും റിമാന്‍ഡിലിരിക്കെ, ചന്ദ്രശേഖറിനെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം തുടരുന്നു.