ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം ലഭിച്ചു; മുരാരി ബാബു പുറത്തേയ്ക്ക്; കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു; അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യപ്രതി

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം ലഭിച്ചു; മുരാരി ബാബു പുറത്തേയ്ക്ക്

Update: 2026-01-23 08:27 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. രണ്ട് കേസുകളില്‍ ശബരിമലയിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുമായും ബന്ധപ്പെട്ട രണ്ട് കേസുകളിലും മുരാരി ബാബു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു.

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും.

അതേസമയം, മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ജനുവരി 28-ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു എസ്ഐടി രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ കേസ്. ഇതില്‍ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. ഈ കേസില്‍ ഒക്ടോബര്‍ 23നായിരുന്നു മുരാരി ബാബുവിനെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്. പെരുന്നയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നുവെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. മുരാരി ബാബു ഇടപെട്ടാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിന് അയച്ചതെന്നും എസ്ഐടി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുരാരി ബാബുവിന്റെ അറസ്റ്റ്. കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായതോടെയായിരുന്നു എസ്ഐടി അറസ്റ്റിലേക്ക് നീങ്ങിയത്.

Tags:    

Similar News