ബാധയൊഴിപ്പിക്കാന്‍ ചൂരലുകൊണ്ട് തല്ലിയശേഷം തളര്‍ന്നുറങ്ങുമ്പോള്‍ സ്ത്രീകളെ പീഡിപ്പിക്കും; ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരുകളില്‍ നിറയെ ചോരപ്പാടുകള്‍; സാമ്പിള്‍ ശേഖരിച്ച് ഫോറന്‍സിക് സംഘം; ഡാന്‍സും പാട്ടുമായി റീല്‍സിലെ ന്യൂജന്‍ ആള്‍ദൈവം; റിയല്‍ ലൈഫില്‍ കാടന്‍ മന്ത്രവാദി; മുരാരി തന്ത്രിയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍

മുരാരി തന്ത്രിയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍

Update: 2026-02-11 15:07 GMT

പോക്സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന്‍ മുരാരി തന്ത്രിയെന്ന രാജന്‍ ബാബുവിന്റെ തട്ടിപ്പുരീതികളില്‍ ഞെട്ടി പോലീസും. റീല്‍സിലുടെയും മാറ്റും താരമായി മാറിയ പൂര്‍വാശ്രമത്തിലെ ഓട്ടോ ഡ്രൈവര്‍ ന്യൂജന്‍ തട്ടിപ്പുകാരനെന്ന് പൊലീസ് പറയുന്നത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയ 16 കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

കൊല്ലം പുത്തൂരില്‍ പോക്സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന്‍ മുരാരി തന്ത്രിയെന്ന രാജന്‍ ബാബു പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെടുന്നത്. ചൂരലുകൊണ്ട് തല്ലിയശേഷം തളര്‍ന്നുറങ്ങുമ്പോള്‍ പീഡനം എന്നതായിരുന്നു ഇയാളുടെ പരിപാടി. ജ്യോതിഷാലയത്തില്‍ മുറിയിലെ ചുവരില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാമ്പിള്‍ ഫോറന്‍സിക് സംഘം സാമ്പിള്‍ ശേഖരിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജില്‍ നിന്ന് പുത്തൂര്‍ പൊലീസ് പിടികൂടിയത്. ഇയാള്‍ നേരത്തെ പല പീഡന ശ്രമങ്ങളില്‍നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

ഡാന്‍സും പാട്ടുമായി ന്യൂജന്‍ ആള്‍ദൈവം

ജ്യോത്സ്യമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളില്‍ റീല്‍സുകള്‍ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജന്‍ ബാബു എന്നാണ് യഥാര്‍ത്ഥ പേര്. പാട്ടും ഡാന്‍സുമാണ് പ്രിയം. അങ്ങനെ ഒരു ന്യൂജന്‍ ആള്‍ദൈവംപോലെ ഇയാള്‍ വിലസിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ്, പലപ്പോഴും ഇരകളെ കണ്ടെത്തുന്നതും. 88,000ത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ 'വി.എസ്.മുരാരി തന്ത്രി' എന്ന പേജ് ഫോളോ ചെയ്യുന്നത്. സിനിമാ ഗാനങ്ങളും മാപ്പിളപാട്ടുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് രാജന്‍ ബാബു. ഓരോ വീഡിയോക്കും മില്യണ്‍ കണക്കിന് വ്യൂസാണ് ഉണ്ടായത്.

ചാനല്‍ ചര്‍ച്ചകളില്‍ വരെ ഇയാള്‍ സ്ഥാനം പിടിച്ചു. ഐസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ വരെ തന്റെ അടുത്ത് വരാറുണ്ടെന്ന് പ്രചരിപ്പിച്ചു. വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതിയെ കണ്ടെത്തികൊടുത്തുവെന്നുമൊക്കെ ഇയാള്‍ അവകാശവാദം നടത്താറുണ്ട്. വെണ്ടാറിലെ മുരാരി ജ്യോതിഷാലയത്തില്‍ കേരളത്തിന്റെ പുറത്ത് നിന്നടക്കം നിരധിയാളുകള്‍ വന്നുപോയിരുന്നു. ആഡംബര ജീവിതം നയിക്കുന്നയാളായിരുന്നു മുരാരി തന്ത്രി. ആഡംബര കാറുകളുടെ ഉള്‍പ്പെടെ ഉടമയാണ് ഇന്ന് രാജന്‍ബാബു. ഐ ഫോണുകളുടെ വലിയ ഒരു ശേഖരവുമുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഇയാള്‍ക്ക് നിക്ഷേപമുണ്ട്.

ഓട്ടോ തൊഴിലാളിയില്‍ നിന്ന്

ഓട്ടോ തൊഴിലാളിയായിരുന്ന രാജന്‍ ബാബു മുരാരി തന്ത്രിയെന്ന സമ്പന്നനായ ജ്യോത്സ്യനായി വളര്‍ന്നത് ദുരൂഹമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടയ്ക്കലായിരുന്നു ആദ്യം ജ്യോതിഷാലയം. ചില പ്രശ്നങ്ങളുടെ പേരില്‍ അതു പൂട്ടേണ്ടി വന്നു. പിന്നീട് വെണ്ടാറിലും ഒടുവില്‍ അരീക്കലിലെ വീട്ടിലേക്കും, പ്രവര്‍ത്തനം മാറ്റി. ദൂരദേശങ്ങളില്‍ നിന്നു പോലും ജ്യോത്സ്യനെ തേടി ആളുകള്‍ എത്തുമായിരുന്നെങ്കിലും പ്രദേശവാസികള്‍ കാര്യമായി പരിഗണിച്ചിരുന്നില്ല.

ഇതിനിടയില്‍ ഒമാനിലും ജ്യോതിഷാലയം തുറന്ന് സുല്‍ത്താന്റെ രോഗം ഭേദമാക്കാന്‍ പോയി എന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. പക്ഷേ സത്യത്തില്‍ ഇയാളുടെ ഗള്‍ഫിലെ കേന്ദ്രങ്ങള്‍ പൂട്ടിപ്പോവുകയായിരുന്നു. ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മവുമായി ബന്ധപ്പെട്ട്, പണവും സ്വര്‍ണവും അപഹരിച്ചു എന്ന പരാതിയും ഇടയ്ക്ക് ഉയര്‍ന്നു. വിവാദമായതോടെ നഷ്ടപരിഹാരം കൊടുത്ത് അത് ഒതുക്കുകയായിരുന്നു. വടക്കന്‍ ജില്ലയിലെ ഒരു വീട്ടിലെത്തി ബാധ ഒഴിപ്പിക്കുന്നതിനിടയില്‍ കര്‍മം വഴിവിട്ടതോടെ മര്‍ദനമേറ്റിരുന്നു.

Tags:    

Similar News