യുവതിയുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതിൽ മനോവിഷമം; ആത്മഹത്യാ ശ്രമം പാളിയതോടെ മനസ്സിൽ തോന്നിയത് പക; കാമുകിയുടെ പിതാവിന്റെ കട്ടന്‍ ചായയില്‍ വിഷക്കെണി; ചായയുടെ രുചിയിലും നിറത്തിലുമുള്ള വ്യത്യാസത്തിലെ സംശയം ചുരുളഴിച്ചത് മകളുടെ കാമുകന്റെ പ്രതികാരം
മലപ്പുറം: കാമുകിയുടെ പിതാവിനെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വണ്ടൂർ സ്വദേശിയായ 24-കാരൻ അജയ് ആണ് പിടിയിലായത്. ടാപ്പിങ് തൊഴിലാളിയായ മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് അജയ് കൊല്ലാൻ നോക്കിയത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രണയബന്ധത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
ടാപ്പിങ് തൊഴിലാളിയായ യുവതിയുടെ പിതാവ് പുലർച്ചെ ജോലിക്ക് പോകുമ്പോൾ ഫ്ലാസ്കിൽ കൊണ്ടുപോകാറുള്ള കട്ടൻചായയിലാണ് അജയ് വിഷം കലർത്തിയത്. ഇയാൾ ഫ്ലാസ്ക് ബൈക്കിൽ വെച്ചാണ് പോകുന്നതെന്നും ഇടയ്ക്കിടെ ചായ കുടിക്കാറുണ്ടെന്നും മനസ്സിലാക്കിയായിരുന്നു പ്രതിയുടെ നീക്കം. ഈ മാസം 10-ന് ചായ കുടിച്ചപ്പോൾ പിതാവിന് രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു. 14-ന് വീണ്ടും സമാനമായ അനുഭവം ഉണ്ടായതോടെ സംശയം തോന്നി ചായ ഗ്ലാസിലൊഴിച്ച് പരിശോധിച്ചു. നിറവ്യത്യാസം കണ്ടതോടെയാണ് ഇദ്ദേഹം പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, അജയും യുവതിയുടെ പിതാവും തമ്മിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുമായുള്ള പ്രണയത്തെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മൂന്നുമാസം മുൻപ് അജയ് വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.