ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള പരിചയം പ്രണയമായി; 32കാരൻ രേഷ്മയെ വിവാഹം കഴിച്ചത് ഒന്‍പത് മാസം മുമ്പ്; മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; സത്യം പുറത്ത് വന്നത് മകളുടെ മൊഴിയിൽ
ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. വിജയനഗര സ്വദേശി പ്രശാന്ത് കമര്‍ (32) ആണ് ബെംഗളൂരു പോലീസിന്‍റെ പിടിയിലായത്. രേഷ്മയെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഒന്‍പത് മാസം മുന്‍പാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട രേഷ്മയെ പ്രശാന്ത് വിവാഹം കഴിച്ചത്. ഇത് രേഷ്മയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നാണ് രേഷ്മ ഈ ബന്ധത്തിന് സമ്മതിച്ചത്. രേഷ്മയ്ക്ക് ആദ്യ ഭര്‍ത്താവുമായി 15 വയസ്സുള്ള ഒരു മകളുണ്ട്. ഒക്ടോബര്‍ 15-നാണ് രേഷ്മയെ മരഗൊണ്ടനഹള്ളിയിലുള്ള വസതിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാട്ടര്‍ ഹീറ്ററില്‍ നിന്നുള്ള ഷോക്കേറ്റാണ് രേഷ്‌മ മരിച്ചതെന്ന് പ്രശാന്ത് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍, മരണത്തിന് തലേദിവസം പ്രശാന്തും രേഷ്മയും തമ്മില്‍ വഴക്കുണ്ടായതായി രേഷ്മയുടെ മകള്‍ പോലീസിന് മൊഴി നല്‍കി. ഇത് പോലീസിന് സംശയമുണ്ടാക്കി. തുടര്‍ന്ന് രേഷ്മയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍, മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് രേഷ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെന്നും പ്രശാന്ത് സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തു. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.