വാടക മുറിയ്ക്കുള്ളിൽ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈകൾ പിന്നോട്ട് കെട്ടിയ നിലയിൽ; ലിവ് ഇൻ പങ്കാളി പിടിയിലായതോടെ മറ്റൊരു കൊലപാതക വിവരവും പുറത്ത്; റഷ്യൻ വിനോദസഞ്ചാരി പിടിയിൽ
പനാജി: ഗോവയിൽ രണ്ട് യുവതികളെ കൊലപ്പെടുത്തിയ കേസിൽ റഷ്യൻ വിനോദസഞ്ചാരി പിടിയിൽ. വടക്കൻ ഗോവയിലെ അരംബോളിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അലെക്‌സി ലിയോനൊവ് എന്നയാളെ പോലീസ് പിടികൂടിയത്. കൊലചെയ്യപ്പെട്ടവരിൽ ഒരാൾ ഇയാളുടെ ലിവ് ഇൻ പങ്കാളിയായിരുന്നു.
അലെക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലെന കസാത്തനോവയുടെ മൃതദേഹം ഇരുവരും താമസിച്ചിരുന്ന വാടകമുറിക്കുള്ളിൽനിന്ന് വീട്ടുടമസ്ഥൻ കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. എലെനയുടെ കൈകൾ പിന്നോട്ടാക്കി കെട്ടിയ നിലയിലും കഴുത്ത് മുറിച്ച നിലയിലുമായിരുന്നു. 2024 മുതൽ ഗോവയിൽ താമസിച്ചിരുന്ന എലെന, അലെക്‌സിയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചോദ്യംചെയ്യലിനിടെയാണ് മറ്റൊരു കൊലപാതകത്തെക്കുറിച്ചും അലെക്‌സി വെളിപ്പെടുത്തിയത്. 37 വയസ്സുകാരിയായ എലെന വനീവയെ മോർജിമിൽ വെച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. തുടർന്ന് വനീവയുടെ മൃതദേഹം ഇയാൾ പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ഈ കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.