രാത്രി കെട്ടിടത്തിലേക്ക് രണ്ട് മുഖംമൂടി ധാരികളുടെ വരവ്; അവരിൽ ഒരാളോടപ്പം ഇറങ്ങിപ്പോയ യുവതിയെ പിന്നെ കാണുന്നത് കത്തിക്കരിഞ്ഞ നിലയിൽ; ഡൽഹിയെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; യുപിഎസ്‍‌സി ഉദ്യോഗാര്‍ഥിയെ കൊന്നത് സ്വന്തം പങ്കാളി തന്നെ; ദേഹത്ത് നെയ്യും വൈനും ഒഴിച്ച് തീകൊളുത്തി ക്രൂരത; കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധി ഇങ്ങനെ

Update: 2025-10-27 07:24 GMT

ഡൽഹി: വടക്കൻ ഡൽഹിയിലെ തിമാർപൂരിൽ മൂന്നാഴ്ച മുൻപ് യുപിഎസ്‌സി ഉദ്യോഗാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് ഡൽഹി പോലീസ്. മരിച്ച രാകേഷ് മീണയുടെ ലിവ്-ഇൻ പങ്കാളി അമൃത ചൗഹാൻ, അവരുടെ മുൻ കാമുകൻ സുമിത് കശ്യപ് (27), സുഹൃത്ത് സന്ദീപ് കുമാർ (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ ഹാർഡ് ഡിസ്ക് രാകേഷിന്റെ കൈവശമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബർ 6-നാണ് ഗാന്ധി വിഹാറിലെ നാലാം നിലയിലുള്ള ഒരു ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി പോലീസിന് വിവരം ലഭിച്ചത്. അഗ്നിശമന സേനാംഗങ്ങളെത്തി തീ അണയ്ക്കുമ്പോൾ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ചത് രാകേഷ് മീണയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവം അപകടമരണമാണെന്ന് ആദ്യഘട്ടത്തിൽ സംശയിച്ചിരുന്നെങ്കിലും, വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവത്തിനു തൊട്ടുമുമ്പ്, ഒക്ടോബർ 5-ന് രാത്രി മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാർ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും, തീപിടിത്തത്തിന് തൊട്ടുമുമ്പ് പുലർച്ചെ 2.57-ഓടെ ഒരു സ്ത്രീ അവരിൽ ഒരാളോടൊപ്പം പുറത്തേക്ക് പോകുന്നത് കണ്ടതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

അന്വേഷണത്തിൽ, രാകേഷ് മീണയുടെ ലിവ്-ഇൻ പങ്കാളിയായ അമൃത ചൗഹാനെക്കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചു. എന്നാൽ, പോലീസിന് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന്, യുപിയിലെ മൊറാദാബാദിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികളായ അമൃതയെയും അവരുടെ മുൻ കാമുകൻ സുമിത് കശ്യപിനെയും സുഹൃത്ത് സന്ദീപ് കുമാറിനെയും പിടികൂടുന്നത്. ഇവർക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയായ അമൃതയും രാകേഷ് മീണയും ഈ വർഷം മേയിലാണ് പരിചയത്തിലാകുന്നത്. രാകേഷ് മീണ, അമൃതയുടെ അശ്ലീല വീഡിയോകൾ റെക്കോർഡ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഈ വീഡിയോകൾ പുറത്തുവിടുമോ എന്ന ഭയത്താൽ അമൃതയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികളായ മൂന്നുപേരും ചേർന്ന് ആദ്യം രാകേഷ് മീണയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം, ശരീരത്തിൽ എണ്ണ, നെയ്യ്, വൈൻ എന്നിവ ഒഴിക്കുകയും, ഒരു ഗ്യാസ് സിലിണ്ടർ മീണയുടെ തലയക്കരികിൽ വെച്ച് തീ കൊളുത്തുകയുമായിരുന്നു. തീപിടിത്തം സൃഷ്ടിച്ച് സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമം.

Tags:    

Similar News