ഒന്ന് രണ്ടുദിവസമായി ടെറസിൽ നിന്നും വിട്ടുമാറാത്ത ദുർഗന്ധം; നാട്ടുകാരന്റെ പരാതിയിൽ അന്വേഷിച്ചപ്പോൾ നാട് നടുങ്ങി; ഉപ്പ് പുരട്ടിയ നിലയിൽ മൃതദേഹം; വീണ്ടും ഭയപ്പെടുത്തി ആ നീല ഡ്രം; അരുംകൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനുമെന്ന് പോലീസ്
ജയ്പൂർ: വാടക വീട്ടിലെ ടെറസിൽ സൂക്ഷിച്ചിരുന്ന നീലനിറമുള്ള ഡ്രമ്മിനുള്ളിൽ നിന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഖൈർതാൽ തിജാരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശി ഹൻസ്റാമിൻ്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
പ്രതികളായ ഭാര്യ സുനിതയും വീട്ടുടമസ്ഥൻ്റെ മകൻ ജിതേന്ദ്രയും മൂന്ന് കുട്ടികളോടൊപ്പം ശനിയാഴ്ച മുതൽ ഒളിവിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് ഗുരുതരമായ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ടെറസിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം വേഗത്തിൽ ജീർണിക്കാൻ വേണ്ടി ഡ്രമ്മിൽ ഉപ്പ് നിറച്ചതായി പൊലീസ് അറിയിച്ചു.
ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്തിരുന്ന ഹൻസ്റാം കഴിഞ്ഞ രണ്ട് മാസമായി ഈ വാടക വീട്ടിൽ മൂന്ന് കുട്ടികളോടൊപ്പം താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച മുതൽ ഹൻസ്റാമിനെയും കുടുംബത്തെയും കാണാനില്ലെന്ന് വീട്ടുടമയുടെ മകൻ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിതയെയും ജിതേന്ദ്രയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൻസ്റാം മദ്യത്തിന് അടിമയായിരുന്നു എന്നും ജിതേന്ദ്രയോടൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി. 12 വർഷം മുൻപ് ജിതേന്ദ്രയുടെ ഭാര്യ മരിച്ചിരുന്നു. ഈ സംഭവം പ്രദേശത്ത് വലിയ ഭീതി പടർത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.