ഭർത്താവിനെയും സഹോദരനെയും വകവരുത്തിയ അതെ അക്രമികൾ; കാറിൽ ഒറ്റയ്ക്ക് വരുന്നത് കണ്ടതും കലി കയറി അരുംകൊല; പട്ടാപ്പകൽ നടുറോഡിലിട്ട് സ‌ർക്കാർ ഉദ്യോഗസ്ഥയെ അതിക്രൂരമായി വെട്ടികൊന്നു; ജീവൻ പോകുന്ന നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ നെഞ്ചുലയ്ക്കുന്ന കാഴ്ച; തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതെന്ന് പോലീസ്

Update: 2025-11-15 10:41 GMT

യാദ്ഗിരി: കർണാടകയിലെ യാദ്ഗിരിയിൽ സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയായ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് അതിക്രമം നടന്നത്.

നാലംഗ സംഘം അഞ്ജലി സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ആക്രമണം നടത്തുകയായിരുന്നു. സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയും വാഹനത്തിനുള്ളിലിരുന്ന് അഞ്ജലിയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങി.

ഷഹബാദ് മുനിസിപ്പൽ കൗൺസിലിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് കൊല്ലപ്പെട്ട അഞ്ജലി. നേരത്തെ ഇവരുടെ ഭർത്താവ് ഗിരീഷ് കമ്പാനൂരിനെയും ഇതേ അക്രമികളാണ് കൊലപ്പെടുത്തിയത്. യാദ്ഗിരി റെയിൽവേ സ്റ്റേഷന് സമീപം നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനു മുമ്പും ഗിരീഷിന്റെ സഹോദരനെയും ഇതേ സംഘം കൊലപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. 

പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ, അക്രമി സംഘത്തെ നിയോഗിച്ച ശങ്കർ എന്നയാളെ കഴിഞ്ഞ മാസം ഒരു ക്വട്ടേഷൻ സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നിൽ അഞ്ജലിയാണെന്ന് ശങ്കർ ധരിച്ചതിനെ തുടർന്നാണ് ഈ കൊലപാതകം നടത്തിയതെന്നാണ് സൂചന. കൊലപാതകം ആസൂത്രണം ചെയ്ത വിജയ്, ശങ്കർ എന്നിവരെ പിടികൂടാനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പട്ടാപ്പകൽ നടന്ന ഈ സംഭവം പ്രദേശത്ത് കനത്ത ഭീതി പടർത്തിയിട്ടുണ്ട്.

Tags:    

Similar News