ഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ; കഴുത്തിലേത് കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുകളെന്ന് പ്രാഥമിക നിഗമനം; നാല് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നാല് വയസ്സുകാരന്റേത് കൊലപാതകമെന്ന് പോലീസ്. കഴുത്തിലേറ്റ മുറിവാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പങ്ക് സംബന്ധിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി.
പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാർ (4) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് മുന്നി ബീഗം കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.
കുട്ടിയുടെ കഴുത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതിന്‍റെ പാടുകളാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെ മുന്നി ബീഗത്തെയും ഇവരുടെ സുഹൃത്ത് തൻബീർ ആലമിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൻബീർ ആലമിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങളും കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.