അമ്മയെ പരസ്യമായി മർദ്ദിച്ചു; പ്രതികാരത്തിനായി മകൻ കാത്തിരുന്നത് പത്ത് വർഷം; കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി; ഒറ്റക്കായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽ
ലക്‌നൗ: അമ്മയെ പരസ്യമായി അപമാനിച്ചതിനും മർദ്ദിച്ചതിനും പ്രതികാരം തീർക്കാൻ മകൻ കാത്തിരുന്നത് 10 വർഷം. ലഖ്‌നൗ സ്വദേശി സോനു കശ്യപാണ് തന്റെ അമ്മയെ അപമാനിച്ച മനോജ് എന്ന് വ്യക്തിയെ 10 വർഷം കാത്തിരുന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പങ്കാളികളായ രഞ്ജിത്, ആദിൽ, സലാമു, റഹ്‌മത്ത് അലി എന്നിവരെയും പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
പത്ത് വർഷം മുമ്പാണ് ഒരു തർക്കത്തിന്റെ പേരിൽ സോനുവിന്റെ അമ്മയെ മനോജ് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. തുടർന്ന് ഇയാൾ നാട്ടിൽ നിന്ന് പോയി. അമ്മയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തിൽ അസ്വസ്ഥനും രോഷാകുലനുമായ സോനു അവനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അതിനിടെ വർഷങ്ങൾ കടന്നുപോയെങ്കിലും പിന്മാറാൻ സോനു തയ്യാറായിരുന്നില്ല. തുടർന്ന് ഏകദേശം മൂന്ന് മാസം മുമ്പ്, നഗരത്തിലെ മുൻഷി പുലിയ പ്രദേശത്ത് വെച്ച് മനോജിനെ കണ്ടെത്തി. കരിക്ക് കച്ചവടക്കാരനായി ഇയാൾ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികാരത്തിനുള്ള പദ്ധതികൾ ആരംഭിക്കുകയായിരുന്നു
മനോജിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മനസിലാക്കിയ സോനു അവനെ ഇല്ലാതാക്കാൻ ഒരു കൃത്യമായ പദ്ധതി തയ്യാറാക്കി. എന്നാൽ അയാൾക്ക് കൂടുതൽ സജ്ജീകരണങ്ങൾ ആവശ്യമായിരുന്നു. തുടർന്ന് കൊലപാതകത്തിന് ശേഷം ഒരു പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത്, തന്റെ നാല് സുഹൃത്തുക്കളെ ആസൂത്രണത്തിന്റെ ഭാഗമാക്കി. മെയ് 22 ന്, മനോജ് കട അടച്ചിട്ട് ഒറ്റയ്ക്കായപ്പോൾ സംഘം ഇരുമ്പ് വടികൾ കൊണ്ട് അയാളെ ആക്രമിച്ച് പാതി ജീവനോടെ ഉപേക്ഷിച്ചു. തുടർന്ന് ചികിത്സയിൽ കഴിയവേ മനോജ് മരിക്കുകയായിരുന്നു.
പ്രതികൾക്ക് വേണ്ടി അന്വേഷണം നടത്തിയ പോലീസ് ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി കണ്ടെത്തി. എങ്കിലും ഇവർ എവിടെയെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. അതേസമയം, കൊലപാതകം നടപ്പിലാക്കിയതോടെ, സോനു കൂട്ടുകാർക്ക് പാർട്ടി നടത്താൻ തീരുമാനിച്ചു. അയാൾ തന്റെ സുഹൃത്തുക്കൾക്കായി ഒരു ആഡംബര മദ്യ പാർട്ടി നടത്തി. ഈ പാർട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇവർ എവിടെയനെന്ന് കൃത്യമായി കണ്ടെത്താൻ സഹായിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ആദ്യം തുമ്പൊന്നും ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാനായില്ല. കൊലപാതകത്തിന് പിന്നാലെ സുഹൃത്തുക്കൾക്ക് മദ്യപാർട്ടി നടത്തിയ സോനു കശ്യപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് കേസിൽ വഴിത്തിരിവായത്. നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഒരാളെ പോലീസ് പാർട്ടിക്കിടെയുള്ള ഫോട്ടോയിൽ നിന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ച പോലീസിന് കൊലപാതക സമയത്ത് ധരിച്ച ടീ ഷർട്ടിലുള്ള മറ്റു ഫോട്ടോകളും ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പ്രതികളും പിടിയിലായത്.