ഉറങ്ങിക്കിടക്കവേ പൊട്ടി നുറുങ്ങുന്ന ശബ്ദത്തിൽ വാരിയെല്ലുകൾ ചവിട്ടി ഒടിച്ചു; വേദന കൊണ്ട് പുളഞ്ഞതും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; അടങ്ങാത്ത കലിയിൽ പാചക വാതക സിലിണ്ടർ തുറന്നിട്ടതും തീആളിക്കത്തി; വീടിന് തീപിടിച്ച് മരിച്ചെന്ന കള്ളത്തരവും ഏറ്റില്ല; മുട്ടത്തെ വയോധികയുടെ കൊലപാതകം അതിക്രൂരം; പ്രതിക്ക് ശിക്ഷ വിധിക്കുമ്പോൾ

Update: 2025-12-19 10:45 GMT

ഇടുക്കി: ഇടുക്കി മുട്ടത്ത് 72 വയസ്സുകാരിയായ സരോജിനിയെ തീക്കൊളുത്തിക്കൊന്ന കേസിൽ അനന്തരവനായ സുനിൽ കുമാറിന് ജില്ലാ കോടതി ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് ഉത്തരവിട്ടു. 2021-ൽ സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു ഈ ക്രൂരമായ കൊലപാതകം.

കൊല്ലപ്പെട്ട സരോജിനിയുടെ സഹോദരി പുത്രനാണ് ശിക്ഷിക്കപ്പെട്ട ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാർ. മുട്ടം കാക്കൊമ്പിൽ സുനിലിനൊപ്പമായിരുന്നു സരോജിനി താമസിച്ചിരുന്നത്. തന്റെ പേരിലുള്ള മുഴുവൻ ഭൂസ്വത്തും സുനിലിന് നൽകാമെന്ന് സരോജിനി ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് സ്വത്ത് ഭാഗം വെച്ചപ്പോൾ മറ്റ് സഹോദരിമാരുടെ മക്കൾക്ക് കൂടി നൽകിയതാണ് സുനിലിന്റെ വൈരാഗ്യത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

2021-ൽ ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. കൊലപാതക ശേഷം പാചകവാതക സിലിണ്ടർ തുറന്നിട്ട നിലയിലും കണ്ടെത്തി. സരോജിനിയുടെ വാരിയെല്ലുകൾ ചവിട്ടിത്തകർത്തതായും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അടുപ്പിൽ നിന്ന് തീയാളി, റബർ ഷീറ്റ് കത്തിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു സുനിലിന്റെ ആദ്യ മൊഴി.

സംഭവസമയത്ത് സംശയത്തിന്റെ പേരിൽ സുനിലിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ പിന്നീട് വിട്ടയച്ചു. എന്നാൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന് തീപിടിച്ചാണ് സരോജിനി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ സുനിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഈ കൊടുംകുറ്റകൃത്യത്തിൽ വിധി പ്രസ്താവിച്ചത്.

Tags:    

Similar News