വീട്ടില്‍ വന്നപ്പോള്‍ സന്തോഷവതി; രണ്ടുദിവസം കഴിഞ്ഞ് ടൂര്‍ പോകുന്നുണ്ടെന്നും വീട്ടുകാരോട് പറഞ്ഞു; കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത

Update: 2025-02-18 10:11 GMT

കണ്ണൂര്‍ : കണ്ണൂരില്‍ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ ബെഡ്റൂമില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതികളുടെ മകള്‍ നിഖിത(20യാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ആന്തൂര്‍ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ് നിഖിത. തളിപ്പറമ്പ് ലൂര്‍ദ്ദ് നേഴ്സിംഗ് കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. ഭര്‍ത്താവ് വൈശാഖ് ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ വിദേശത്ത് ജോലി ചെയ്തുവരികയാണ്.

വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം നിഖിത ജീവനൊടുക്കിയത്. 2024 ഏപ്രില്‍ ഒന്നിനാണ് നിഖിതയും വൈശാഖും തമ്മില്‍ വിവാഹിതരായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നിഖിതയുടെ അമ്മയുടെ സഹോദരന്‍ കെ.പി.രവി തളിപ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിപ്രകാരമാണ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.

കഴിഞ്ഞ ദിവസം പടന്നക്കടപ്പുറത്തെ വീട്ടില്‍ പോയ നിഖിത സന്തോഷവതിയായിരുന്നുവെന്നും രണ്ടു ദിവസം കഴിഞ്ഞ് പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ടൂറിന് പോകുന്നുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News