നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ തുടക്കത്തിലെ ഒത്തു കളിച്ചു; കൊലപാതക സാദ്ധ്യത പരിശോധിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല; അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന ആരോപണം വീണ്ടും ശക്തം; അടിവസ്ത്രത്തിലെ രക്തക്കറ സിബിഐയെ എത്തിക്കുമോ?
അടിവസ്ത്രത്തിലെ രക്തക്കറ സിബിഐയെ എത്തിക്കുമോ?
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ദൂരുഹത നീക്കാന്‍ സമഗ്രാന്വേഷണം നടത്തുന്നതില്‍ പ്രത്യേക അന്വേഷണ സംഘം തുടക്കത്തിലെ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം മുന്‍പോട്ടു നീങ്ങിയതെന്നായിരുന്നു ആരോപണം. ആ ആരോപത്തെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തേക്ക് വരുന്നത്. പി.പി ദിവ്യ നടത്തിയ വ്യക്തിഗത അധിക്ഷേപത്തില്‍ മനം നൊന്താണ് നവിന്‍ ബാബു പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ചതെന്നാണ് സി.പി.എം നേതാക്കളും സൈബര്‍ ഹാന്‍ഡിലുകളും തുടക്കത്തിലെ പ്രചരിപ്പിച്ചത്.
അതുകൊണ്ടുതന്നെ ആത്മഹത്യയ്ക്ക് അപ്പുറം കൊലപാതക സാധ്യത അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം താല്‍പര്യം കാട്ടിയതുമില്ല. പാര്‍ട്ടി നേതൃത്വം പറഞ്ഞത് വേദവാക്യമാക്കുകയായിരുന്നു അവര്‍. തുടക്കത്തില്‍ കേസ് അന്വേഷണം നടത്തിയത് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരി മാത്രമായിരുന്നു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തുവന്നതോടെയാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍, കണ്ണൂര്‍ എ.സി.പി. ടി.കെ രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ഇതില്‍ ശ്രീജിത്ത് കോടെരിയും ടി.കെ രത്‌നകുമാറും സി.പി.എമ്മുമായി ഏറെ അടുപ്പമുള്ളവരും പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരുമാണെന്ന ആരോപണത്തിന് വിധേയരായവരാണ്. തുടക്കത്തിലെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മനോവിഷമത്തിലാണ് എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണമെന്ന നിലപാടിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. എന്നാല്‍ നവീന്‍ ബാബു റെയില്‍വെ സ്റ്റേഷന് സമീപമുള്ള മുനീശ്വരന്‍ കോവിലില്‍ ഇറങ്ങിയതിനു ശേഷമുള്ള സംഭവവികാസങ്ങള്‍ അഴിച്ചെടുക്കാനായുള്ള യാതൊരു തെളിവുകളും ഇവര്‍ക്ക് കിട്ടിയതുമില്ല.
റെയില്‍വെ സ്റ്റേഷനില്‍ നിന്നും പള്ളിക്കുന്നിലുള്ള ഔദ്യോഗിക വസതിയിലേക്ക് പോയ ഓട്ടോറിക്ഷ, കയര്‍ വാങ്ങിയതോ സംഘടിപ്പിച്ച തോയായ കട. റെയില്‍വെ സ്റ്റേഷന്‍ പ്‌ളാറ്റ്‌ഫോമിലെത്തിയപ്പോഴുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍. ആത്മഹത്യ ചെയ്ത ഔദ്യോഗികവസതിയുടെ മുന്‍വശത്തെ വാതിലുകള്‍ തുറന്നു കിടന്നത് തുടങ്ങി ധൃതി പിടിച്ചുള്ള ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം നടത്തലും വരെ ദുരുഹ നീക്കങ്ങളുടെ പട്ടിക നീളുകയാണ്. സാധാരണയായി കണ്ണൂര്‍ ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചാല്‍ വരെ മുന്നോ നാലോ ദിവസം വരെ ബന്ധുക്കള്‍ വരാന്‍ കാത്തു നില്‍ക്കാറുണ്ട്.
എന്നാല്‍ ഇവിടെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ മരണ വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ടിട്ടും മണിക്കൂറുകള്‍ പോലും കാത്തു നില്‍ക്കാനോ അവരുടെ സൗകര്യാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താനോ കലക്ടറോ പൊലി സോ തയ്യാറായില്ല കണ്ണൂര്‍ അഡീഷനല്‍ മജിസ്‌ത്രേട്ടായി പ്രവര്‍ത്തിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന് സ്വാഭാവിക നീതി പോലും ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നതിന് ഈ തിടുക്കം കാരണമായിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നുവെന്ന് കണ്ണൂര്‍ ടൗണ്‍പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനെയും പ്രത്യേക അന്വേഷണ സംഘം അവഗണിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസ് എഫ്‌ഐആറിലും അങ്ങനെയൊരു പരാമര്‍ശമോ കണ്ടെത്തലോ ഇല്ലാത്തത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ നവീന്‍ ബാബുവിന്റെ മരണത്തിലുള്ള ദുരൂഹത ആരോപിച്ച കുടുംബത്തിന്റെ ആരോപണം കൂടുതല്‍ ശക്തമാവുകയാണ്.
പള്ളിക്കുന്നിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ ഉള്ളടക്കം മാധ്യമങ്ങള്‍പുറത്തുവിട്ടിരുന്നു. നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ശരീരത്തില്‍ പരിക്കുകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകള്‍ക്ക് ക്ഷതമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിന്റെ മുകള്‍ഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കള്‍ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
മരിച്ച സമയത്ത്‌നവീന്‍ ബാബുവിന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും വ്യക്തമാക്കുന്നു. ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകള്‍ക്കും മോണകള്‍ക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങള്‍ക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുഷുമ്‌നാ നാഡിക്ക് പരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈകോടതിയില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ വാദത്തിന് പിന്‍ബലമേകാന്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നേക്ക് വരെ ഇത്തരത്തില്‍ യാതൊരു അന്വേഷണവും പ്രത്യേക അന്വേഷണ സംഘം നടത്തിയില്ലെന്നാണ് വസ്തുത.
എന്നാല്‍ തുടക്കത്തിലെ പി.പി ദിവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്വേഷണ സംഘം അത്യുത്സാഹം കാണിക്കുകയും ചെയ്തു അതുകൊണ്ടാണ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകനായ അഡ്വ.കെ. വിശ്വന് കോടതിയില്‍ പറയേണ്ടി വന്നത്. വനിതാ ജയിലില്‍ നിന്നും മോചിതയായപ്പോള്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യം എന്തെന്ന് അറിയാന്‍ കുടുംബത്തെപ്പോലെ താനും ആഗ്രഹിക്കുന്നതായി ദിവ്യ പറഞ്ഞതിനും വിവിധ അര്‍ത്ഥതലങ്ങള്‍ കാണുന്നവരുണ്ട്.