നെന്‍മാറ ഇരട്ടക്കൊലയിലേക്ക് വഴിതെളിച്ചത് പോലീസിന്റെ പിടിപ്പുകേടെന്ന വിമര്‍ശനം ശക്തം; പ്രതിക്കെതിരെ ജനരോഷം ഇരമ്പിയപ്പോള്‍ തകര്‍ന്നത് പോലീസ് സ്‌റ്റേഷന്റെ ഗേറ്റും കവാടവും; ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെ കേസെടുത്തു; നാട്ടുകാര്‍ക്കിടയില്‍ രോഷം ഇരമ്പുന്നു
14 പേര്‍ക്കെതിരെ കേസെടുത്തു
പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ കേസെടുത്ത പോലീസ് നടപടിയില്‍ അമര്‍ഷം ശക്തമാകുന്നു. പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്ന്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്. അതേസമയം പ്രതിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്വാഭാവിക പ്രതിഷേധമായിരുന്നു ഇത്. എന്നാല്‍, ഇതിനെയാണ് പോലീസ് ഗൗരവത്തോടെ കണ്ട് നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതില്‍ പ്രദേശവാസികളില്‍ അടുത്ത അമര്‍ഷമുണ്ട്.
പ്രതി ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. അതേസമയം തുടര്‍ന്ന് ചെന്താമരയെ പുലര്‍ച്ചെയോടെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഫോറന്‍സിക് വിദഗ്ധരുമായി പോലീസെത്തിയപ്പോഴും നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ വെറുതെ വിടരുതെന്നും പുറത്തിറക്കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജാമ്യത്തില്‍വിട്ടാല്‍ പോലീസായിരിക്കും ഇനിയുള്ള കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയെന്നും ആരോപിച്ചു. പ്രതികരണങ്ങള്‍ക്ക് മുതിരാതെ പോലീസ് ഒഴിഞ്ഞുമാറി. ചെന്താമരയെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമ്പോഴും വലിയ ജനക്കൂട്ടം കോടതിവളപ്പിലുണ്ടായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ നാലരയോടെയാണ് ഇയാളെ കോടതിയിലെത്തിച്ചത്.
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുന്‍വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. ചെന്താമര പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ഇരട്ടക്കൊലകേസ് പ്രതി ചെന്താമര നിലവില്‍ റിമാന്‍ഡിലാണ്. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി. തുടര്‍ന്ന് പ്രതിയെ ആലത്തൂര്‍ സബ് ജയിലിലേയ്ക്ക് കൊണ്ടുപോയി.
ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ നിന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നും ചെന്താമര കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കിയിരുന്നു. മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകള്‍ എഞ്ചിനീയറാണെന്നും മകന്‍ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയില്‍ പറഞ്ഞിരുന്നു.
ചെന്താമരയുടെ വീട്ടില്‍ പോലീസ് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടുപേരെ കൊന്നശേഷം തിരിച്ച് തന്റെവീട്ടിലെത്തി കൊടുവാള്‍ സൂക്ഷിച്ച്, പുറകിലെ കമ്പിവേലി മറികടന്ന് കാട്ടിലേക്ക് പോയെന്നാണ് ചെന്താമര പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇട്ടിരുന്ന വസ്ത്രംതന്നെ ധരിച്ചാണ് കാട്ടിലേക്ക് ഓടിയത്.
എന്നാല്‍, തിരിച്ച് വീട്ടിലേക്കുവരുമ്പോള്‍ പോലീസ് പിടികൂടിയതിനാല്‍ ഇട്ടിരുന്ന ഷര്‍ട്ട് വീട്ടില്‍ അഴിച്ചുവെപ്പിച്ച് മറ്റൊരുഷര്‍ട്ട് ധരിപ്പിച്ചാണ് പോലീസ് കൊണ്ടുപോയിരുന്നത്. കാട്ടിലേക്കുപോകാനായി കമ്പിവേലി മറികടക്കുന്നതിനിടെ ദേഹത്ത് ചെറിയ മുറിപ്പാടുണ്ടായതായി ചെന്താമര പറഞ്ഞു. ഈ മൊഴി പരിശോധിക്കാനാണ് ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തിയത്. ഷര്‍ട്ടിലെയും കമ്പിവേലിയിലെയും രക്തക്കറ പരിശോധിച്ചു. ചെന്താമരയുടെ ചെരിപ്പുകളും വീടിന്റെ അകവും പരിശോധിച്ചു.
നേരത്തേ, കൃത്യംനടത്താനായി ചെന്താമര ഉപയോഗിച്ച എലവഞ്ചേരിയിലെ പണിശാലയില്‍നിന്നും വാങ്ങിയ കൊടുവാള്‍ പോലീസ് കണ്ടെത്തിയിരുന്നു. കൊടുവാളിലെ കൈപ്പിടിക്ക് നീളംകൂട്ടുന്നതിനായി പ്രത്യേകരീതിയില്‍ പണിയിച്ച് വാങ്ങി, മരപ്പിടിയിട്ട് കൊടുവാള്‍ ബലപ്പെടുത്തി സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയത്. വിഷക്കുപ്പിയും വീട്ടിലുണ്ടായിരുന്നു. ഇവയെല്ലാം നേരത്തേ പോലീസ് കണ്ടെടുത്തിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.