കൊലപാതകം നേരിട്ട് കണ്ടത് ഒരേ ഒരാള്‍ മാത്രം; ചെന്താമര അപായപ്പെടുത്തുമെന്ന ഭീതിയില്‍ മൊഴി നല്‍കാന്‍ ഭയന്നമെന്ന് ദൃക്‌സാക്ഷി; കൊലപാതകത്തിന് സാക്ഷിയായത് ആടു മേക്കാന്‍ എത്തിയപ്പോള്‍; പ്രദേശം വിട്ടുപോയ ആളെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ്
കൊലപാതകം നേരിട്ട് കണ്ടത് ഒരേ ഒരാള്‍ മാത്രം
നെന്‍മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കാന്‍ ഭയന്നമെന്ന് ദൃക്‌സാക്ഷി. ഒരേ ഒരാളാണ് കൊലപാതകം നേരിട്ട് കണ്ടത്. അതേസമയം ചെന്താമര അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഇയാള്‍ ആടിനെ മേക്കുന്നതിനിടെയാണ് സുധാകരന്റെ അമ്മ ലക്ഷ്മിയെ ചെന്താമര കൊല്ലുന്നത് കണ്ടത്.
സംഭവത്തിന് ശേഷം ദൃക്‌സാക്ഷി പ്രദേശം വിട്ടു പോയിരുന്നു. പിന്നീട് നെല്ലിയാമ്പതിയില്‍ നിന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളില്‍ നിന്ന് മൊഴി എടുക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
അതേസമയം, കേസില്‍ ഫെബ്രുവരി 27 ന് ചെന്താമരയുടെ ജാമ്യാപേക്ഷ ആലത്തൂര്‍ കോടതി തള്ളിയിരുന്നു. ഫെബ്രുവരി 21നാണ് പ്രതി ചെന്താമര ജാമ്യം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ഇയാള്‍ പറഞ്ഞത്. ജാമ്യ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രതി വ്യക്തമാക്കിയിരുന്നു.
അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീട്ടമ്മയുടെ ഭര്‍ത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. ജനുവരി 28 ന് പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തു. ഇതോടെ ആദ്യ കൊലക്കേസില്‍ ചെന്താമരക്ക് ലഭിച്ച ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
ഇരട്ടക്കൊലക്കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ചെന്താമര മാത്രം പ്രതിയായ കേസില്‍ 117 സാക്ഷികളും മുപ്പതിലേറെ തെളിവുകളും ശാസ്ത്രീയ പരിശോധനാഫലവും നിര്‍ണായകമാകും. ജനുവരി ഇരുപത്തിഏഴിനാണ് വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ട യുവാവ് ഉള്‍പ്പെടെ 117 സാക്ഷികള്‍. എട്ട് സാക്ഷികളുടെ രഹസ്യമൊഴി. മുപ്പതിലേറെ രേഖകള്‍. ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്റെയും, ലക്ഷ്മിയുടെയും രക്തം പതിഞ്ഞതിന്റെ ഉള്‍പ്പെടെ ഫൊറന്‍സിക് പരിശോധന ഫലം. ആയുധത്തിലെ വിരലടയാളം തുടങ്ങി നിര്‍ണായക തെളിവുകള്‍. പ്രധാന സാക്ഷികളെ സംഭവ സ്ഥലത്ത് എത്തിച്ച് കൊലപാതകമുണ്ടായ സമയത്തെ സാഹചര്യം അന്വേഷണസംഘം പുനസൃഷ്ഠിച്ച് പ്രത്യേക രൂപരേഖയുണ്ടാക്കി. കൊല്ലപ്പെട്ടവരുടെയും, പ്രതിയുടെയും, സാക്ഷികളുടെയും ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ ശേഖരിച്ചു.
ജനുവരി 27 ന് രാവിലെ 9.58 നും 10.08 നുമിടയിലുള്ള പത്ത് മിനിറ്റ് നേരം കൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ചെന്താമര അമ്മയെയും മകനെയും വകവരുത്തിയതെന്നും കുറ്റപത്രം. കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കുറ്റപത്രത്തിന്റെ അന്തിമഘട്ട വിലയിരുത്തല്‍ പൂര്‍ത്തിയാക്കി. അടുത്തയാഴ്ച തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയും കുറ്റപത്രം പരിശോധിക്കും.
അഞ്ഞൂറിലേറെ പേജുള്ള കുറ്റപത്രം കൊലപാതകം നടന്ന് അന്‍പത് ദിവസം കഴിയും മുന്‍പ് സമര്‍പ്പിക്കുന്നതിനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൊലപാതകത്തില്‍ ചെന്താമരയല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നും ആരും സഹായം ചെയ്തിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്.