അനധികൃത ക്വാറികള്‍ക്കും കുഴല്‍കിണറിനും വേണ്ടി ഇടുക്കിയിലേക്ക് സ്ഫോടക വസ്തുക്കള്‍ കടത്തുന്നു: തമിഴ്നാട്ടിലും കര്‍ണാടകയിലും നിന്നെത്തുന്ന മരുന്ന് പിടിക്കാന്‍ പരിശോധനയില്ല

Update: 2024-10-11 03:20 GMT

ഇടുക്കി: അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് സ്ഫോടക വസ്തുക്കള്‍ എത്തുന്നതായി വിവരം. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വാഹനങ്ങളിലും മറ്റുമായാണ് സ്ഫോടക വസ്തുക്കള്‍ ജില്ലയിലേക്ക് കടത്തുന്നത്. അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കും കുഴല്‍ കിണറുകളില്‍ വെള്ളം കുറയുമ്പോള്‍ തോട്ട ഇട്ട് സ്ഫോടനം നടത്തി പാറയില്‍ വിള്ളല്‍ ഉണ്ടാക്കി വെള്ളം കണ്ടെത്തി നല്‍കുന്ന സംഘങ്ങള്‍ക്കുമാണ് ഇത്തരം വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്.

ഇതിനായി പ്രത്യേക സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ നെടുങ്കണ്ടത്തിന് സമീപം സ്വകാര്യ തോട്ടത്തില്‍ കുഴല്‍ കിണറില്‍ തോട്ട ഇടുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ആ സമയത്ത് വ്യാപക പരിശോധനകള്‍ നടന്നു. അന്ന് ഉള്‍വലിഞ്ഞ സംഘം വീണ്ടും തലപൊക്കിയിരിക്കുകയാണെന്നാണ് വിവരം.

ഹൈറേഞ്ച് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ വന്‍തോതില്‍ സ്ഫോടനം നടത്തി കരിങ്കല്‍ ഖനനം നടക്കുന്നതായി കഴിഞ്ഞ ദിവസം ജിയോളജി വിഭാഗം അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വലുതും ചെറുതുമായ നിരവധി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായും ജിയോളജി വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News