കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും; പ്രത്യേക അന്വേഷണ സംഘം ഉടന്‍ രൂപീകരിക്കും; കര്‍ണാടകയിലേക്കും അന്വേഷണം നീളും; സതീശനെ സിപിഎം വിലയ്ക്കെടുത്തുവെന്ന് ബിജെപി
കേസിലെ അന്വേഷണം കര്‍ണാടകയിലേക്കും അന്വേഷണം നീളും
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് സര്‍ക്കാരിന്റെ നീക്കം. ബിജെപി നേതൃത്വത്തിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും. കേസിലെ അന്വേഷണം കര്‍ണാടകയിലേക്കും അന്വേഷണം നീളും. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ രൂപീകരിക്കും. പ്രത്യേക അന്വേഷണ സംഘണത്തിന് എഡിജിപി മനോജ് എബ്രഹാം മേല്‍നോട്ടം നല്‍കും. നേരത്തെ കേസ് അന്വേഷിച്ച കൊടുങ്ങലൂര്‍ ഡിവൈഎസ് പി രാജുവും അന്വേഷണ സംഘത്തിലുണ്ടാകും.
തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു..
അന്വേഷണം വരുമെങ്കില്‍ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴല്‍പ്പണകേസിന് തുടക്കമിട്ട കവര്‍ച്ചാസംഭവം. പൊലീസ് അന്വേഷണത്തില്‍ കുഴല്‍പ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചെങ്കിലും കേസ് പാതിവഴിയില്‍ നിലച്ചമട്ടായിരുന്നു.
ബിജെപി തൃശൂര്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചാ വിഷയമായത്. നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാള്‍ മുന്‍പ്, 2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40ന് ആണ് കൊടകരയില്‍ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവര്‍ന്നത്. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കര്‍ണാടക എംഎല്‍സിയായിരുന്ന ലെഹര്‍ സിങ്ങിനും ഹവാല പണമിടപാടുമായി ബന്ധമുണ്ടെന്ന് പരാമര്‍ശിച്ച് എസിപി വി.കെ.രാജു 2021 ജൂലൈയില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്നേവരെ ഒരു ബിജെപി നേതാവിനെ പോലും കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറായിട്ടില്ല.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഡീല്‍ സംബന്ധിച്ച് ഇരുമുന്നണികളും പരസ്പരം പഴിചാരുന്നതിനിടയിലാണ് തിരൂര്‍ സതീഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് എന്നതു ശ്രദ്ധേയമാണ്. സതീഷിനെ സിപിഎം വിലയ്ക്കെടുത്തുവെന്നാണ് ബിജെപി ആരോപിച്ചത്. സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ 2021ല്‍ കേരളാ പൊലീസ് ഇഡിക്കു കൊടുത്ത റിപ്പോര്‍ട്ടും പുറത്തുവന്നു. തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി തുടരന്വേഷണത്തിന് തീരുമാനിച്ചത്.
സതീഷിന്റെ മൊഴി രേഖപ്പെടുത്തി കോടതിയെ ബോധ്യപ്പെടുത്തി വീണ്ടും അന്വേഷണം നടത്തുന്നതിനുള്ള കാലതാമസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് കടന്നുപോകും. എക്സാലോജിക്-സിഎംആര്‍എല്‍ പണമിടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ 12ന് ശേഷം എസ്എഫ്‌ഐഒ കേന്ദ്രത്തിനു നല്‍കാനിരിക്കെയാണ് കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നതും തുടരന്വേഷണം തീരുമാനിച്ചിരിക്കുന്നതും.
പൊലീസ് ഇഡിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതില്‍ കൂടുതലായി ഒന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിട്ടില്ല. എത്ര കോടി കേരളത്തിലേക്ക് എവിടെനിന്ന് എത്തി എന്നും ഇത് ഏതൊക്കെ ബിജെപി നേതാക്കള്‍ക്കാണു കൈമാറിയതെന്നും പേരും തീയതിയും സഹിതം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയിരുന്നത്. എന്നാല്‍ മൂന്നു വര്‍ഷത്തോളമായി യാതൊരു തരത്തിലുള്ള തുടര്‍നടപടികളും ഉണ്ടായില്ല.
ധര്‍മരാജനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം എത്തിച്ചതെന്നു പറഞ്ഞതായി പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതു കൂടാതെ കര്‍ണാടക എംഎല്‍സിയായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് ലെഹര്‍സിങ്ങിന് കുഴല്‍പ്പണക്കടത്തുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പണം ചാക്കില്‍കെട്ടി തൃശൂര്‍ ബിജെപി ഓഫിസിലെത്തിച്ചു എന്നു മാത്രമാണ് കഴിഞ്ഞ ദിവസം തിരൂര്‍ സതീഷ് കൂടുതലായി പറഞ്ഞത്. അതിലും കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് വിശദമായ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാതിരുന്നതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. തുടരന്വേഷണം കണ്ണില്‍പൊടിയിടാനാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണിതെന്നു വ്യക്തമാണ്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ എന്തെങ്കിലും ചെയ്തെന്നു വരുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും സതീശന്‍ പറഞ്ഞു.