തിരുവല്ല-പുളിക്കീഴ് പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ തുടര്‍ച്ചയായി അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം; മാധ്യമങ്ങളെ അകറ്റുന്നു; എംഡിഎംഎ കേസ് അട്ടിമറിയും സമാനരീതിയില്‍
തിരുവല്ല: സബ് ഡിവിഷനു കീഴിലുളള പുളിക്കീഴ്, തിരുവല്ല പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. തിരുവല്ലയില്‍ നാര്‍ക്കോട്ടിക് സെല്‍ എംഡിഎംഎ പിടിച്ച കേസില്‍ അട്ടിമറി നടന്നതിന് പിന്നാലെയാണ് രണ്ടു സ്റ്റേഷനുകളിലെയും അട്ടിമറിക്കഥകളും അതിനായി മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും ചര്‍ച്ചയാകുന്നത്.
ജില്ലാ പോലീസ് മേധാവി പറഞ്ഞിട്ടാണ് മാധ്യമങ്ങളെ അകറ്റുന്നത് എന്നായിരുന്നു തിരുവല്ല, പുളിക്കീഴ് സ്റ്റേഷനുകളില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ എസ്പിയുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ അങ്ങനെ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇല്ലാത്ത നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തി കേസുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം എം.ഡി.എം.എ പിടികൂടിയ സംഭവം. അടൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെയാണ് എം.ഡി.എം.എ കൈവശം വച്ചതിന് സ്വകാര്യ ബസില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
ഇതില്‍ ഒരാള്‍ സ്ഥിരം നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയാണ്. രണ്ടു പേരെയും കൈവിലങ്ങ് അണിയിച്ച് തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പേരും വിലാസവുമൊക്കെ മാധ്യമങ്ങളോട് പറയുകയും ചെയ്തു. എന്നാല്‍, തൊട്ടു പിന്നാലെ കഥ മാറി. കേസില്‍ പിടിയിലായത് ഒരു പ്രതി മാത്രമെന്ന് ജില്ലാ പോലീസ് മേധാവി പത്രക്കുറിപ്പിറക്കി. രണ്ടാമന്‍ കേസില്‍ പ്രതിയല്ലെന്ന നിലപാടിലായിരുന്നു പോലീസ് അപ്പോള്‍. എന്നാല്‍, രാത്രി വൈകി മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ ഇന്നലെ രാവിലെ രണ്ടാമനെയും കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതേ രീതിയില്‍ പല കേസുകളിലും തിരുവല്ല, പുളിക്കീഴ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പും ഒതുക്കലും നടക്കുന്നതായി പരാതിയുണ്ട്. സംഭവം അറിയുന്ന ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തുന്നതും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും കാരണം പോലീസിന്റെ ഒത്തുതീര്‍പ്പും മറ്റും നടക്കാതെ വരുന്നുണ്ട്. ഇതോടെ മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങളും വാര്‍ത്തകളും നല്‍കുന്നത് തിരുവല്ല, പുളിക്കീഴ് സ്റ്റേഷനുകളില്‍ ഒഴിവാക്കുകയായിരുന്നു.