അമിത വേഗതയില്‍ പാഞ്ഞെത്തി കറുത്ത കാര്‍; റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു; കാറുകള്‍ക്കിടയില്‍ കുടുങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് മറിഞ്ഞു; യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു

Update: 2024-12-14 12:54 GMT

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാറിന്റെ മുന്നില്‍ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ പുറത്ത്. പാറശാല ചെങ്കവിള ബൈപാസിന് സമീപത്താണ് സംഭവം. അമിതവേഗതയില്‍ എത്തിയ കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഈ സമയത്ത് ഇതിനിടയിലൂടെ നടന്നുപോയ കാല്‍നടയാത്രക്കാരിയാണ് അദ്ഭുതരകരമായി രക്ഷപ്പെട്ടത്. ഇരുകാറുകള്‍ക്കുമിടയില്‍ കുടുങ്ങിയെങ്കിലും യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.

വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചെങ്കവിള ഭാഗത്ത് നിന്ന് പാറശ്ശാലയിലേക്ക് വരുകയായിരുന്ന കാര്‍ റോഡിന്റെ എതിര്‍ വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അമിതവേഗതിയിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍വശത്തിടിച്ച ശേഷം റോഡിലേക്ക് തലകീഴായി മറിഞ്ഞു.

അപകട സമയം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വശത്ത് കൂടി പ്രദേശവാസിയായ യുവതി ചെങ്കവിള ഭാഗത്തേക്ക് നടന്ന് പോവുകയായിരുന്നു. മുന്നില്‍ നിന്നും കാര്‍ അതിവേഗം പാഞ്ഞുവരുന്നതുകണ്ട് ഉടനടി ഒരു വശത്തേക്ക് മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികള്‍ ഓടിയെത്തിയെങ്കലും യുവാവ് കാറില്‍ നിന്ന് ഇറങ്ങി ഓടി.

സെക്കന്റിന്റെ വ്യത്യാസത്തില്‍ യുവതി രക്ഷപ്പെട്ടത്. യുവതിയുടെ ശരീരത്തിലുള്ള വെള്ള ഷാള്‍ കാറിനൊപ്പം പോയി. ശരീരത്തില്‍ തൊട്ടു കൊണ്ടാണ് കാര്‍ മുന്നോട്ട് പോയത്. അപകടമുണ്ടാക്കിയകാര്‍ തലകീഴായി മറിയുകയും ചെയ്തു. വെള്ളകാറും സ്ഥലത്ത് നിന്ന് തെന്നിമാറി. അതേസമയം, എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ റോഡില്‍ നിന്ന് വാഹനം തിരിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അമിത വേഗതയിലായിരുന്നു കാറെന്ന് നാട്ടുകാര്‍ പറയുന്നു

കാരോട് മുക്കോല ബൈപ്പാസിലും ചെങ്കവിള പൂവ്വാര്‍ റോഡിലും വാഹനങ്ങളുടെ മത്സരയോട്ടങ്ങള്‍ പതിവാണെന്നും ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ടെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

Tags:    

Similar News