ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു; വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ഇടപെട്ട് പ്രദേശവാസികള്‍; പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം; ഒരാള്‍ അറസ്റ്റില്‍
മീററ്റില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം
മീററ്റ്: ഉത്തര്‍പ്രേദേശില്‍ ഹിന്ദു യുവാവുമായി വഴിയരികില്‍ നിന്ന് സംസാരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡിസംബര്‍ 11 ന് സഹരന്‍പുര്‍ ജില്ലയിലെ ദേവ്ബന്ദിലാണ് സംഭവം നടന്നത്. ആളുകള്‍ തന്നെ മര്‍ദ്ദിച്ചതായും ഹിജാബ് അഴിച്ചുമാറ്റാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
16ഉം 17ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് ആള്‍കൂട്ട അതിക്രമത്തിന് ഇരയായത്. ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടികള്‍ മടങ്ങും വഴി ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ രണ്ട് പേര്‍ എത്തുകയും പ്രശ്‌നമുണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തുകയും ഹിന്ദു യുവാവിനോട് പെണ്‍കുട്ടികള്‍ സംസാരിച്ചുവെന്ന പേരില്‍ വിഷയം വഷളാക്കുകയായിരുന്നു. സംഭവത്തില്‍ മൊഹമ്മദ് മെഹ്താബ് എന്ന 38 കാരനെ യുപി പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരനെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ആള്‍ക്കൂട്ടം ഫേണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതി പെണ്‍കുട്ടികള്‍ നല്‍കിയതാണെന്നായിരുന്നു ആരോപണം. യുവാവ് ഹിന്ദുവല്ലെന്ന് മനസിലാക്കിയതിന് ശേഷമാണ് ആള്‍ക്കൂട്ടം പെണ്‍കുട്ടികളെ വെറുതെവിട്ടത്. അവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ലോക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റൂറല്‍ എസ്പി സാഗര്‍ ജെയിന്‍ പറഞ്ഞു. പ്രചരിക്കുന്ന വീഡിയോ ഉപയോഗിച്ച് മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്നും എസ്പി വ്യക്തമാക്കി.