ഡിസിസി ട്രഷററുടെയും മകന്റെയും മരണം; സാമ്പത്തിക ഇടപാട് ബത്തേരി പൊലീസ് അന്വേഷിക്കും; തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യും; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം

Update: 2024-12-29 06:23 GMT

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യം ശക്തമാക്കി സിപിഎം. ആത്മഹത്യ കേസിനൊപ്പം സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഎം നാളെ മാര്‍ച്ച് നടത്തും. അതേസമയം അടിസ്ഥാനരഹിതമായ ആരോപണവും വ്യാജ രേഖയും തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് എസ് പിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഐസി ബാലകൃഷ്ണന്‍.

അതേ സമയം വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷിക്കും. ആത്മഹത്യകേസിനൊപ്പം സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളാണ് പൊലീസ് അന്വേഷിക്കുക. തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിലെ പണമിടപാടാണ് എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണമായതെന്ന ആരോപണമാണ് സി.പി.എം ഏരിയ കമ്മിറ്റി ഉയര്‍ത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന ആവശ്യം സി.പി.എം മുന്നോട്ടുവെക്കുന്നു.

അതേസമയം, തന്റെ കൈകള്‍ ശുദ്ധമാണെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും രംഗത്തെത്തി. പുറത്തുവന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ചും എന്‍.എം. വിജയന്റെ ആത്മഹത്യയിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കി.

ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും വ്യക്തമാക്കി. സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള ഒന്നും വിജയന്‍ പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു വിഷയം ഉണ്ടാകാന്‍ ഇടയില്ല. അര്‍ബന്‍ ബാങ്ക് നിയമനത്തട്ടിപ്പ് ആരോപണം നേരത്തേതന്നെ ഉയര്‍ന്നതാണെന്നും കെ.പി.സി.സി അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതാണെന്നും അപ്പച്ചന്‍ പറഞ്ഞു.

എം.എന്‍. വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ബാങ്കില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍നിന്ന് ചിലര്‍ കോടികള്‍ കൈപ്പറ്റിയെന്ന് ആരോപണമുണ്ട്. കോഴ നിയമനങ്ങള്‍ നടത്തി കോടികള്‍ തട്ടിയെടുത്തവര്‍ എന്‍.എം. വിജയനെ ബലിയാടാക്കിയെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യശ്രമം നടന്ന വിവരമറിഞ്ഞ് ആദ്യമായി വീട്ടിലെത്തിയവര്‍ ആത്മഹത്യക്കുറിപ്പ് മാറ്റിയതാകാമെന്ന് സംശയിക്കുന്നുവെന്നും സി.പി.ഐ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ വിശദീകരണം. എന്‍എം വിജയന്റെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും ഐസി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഡിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ഉയര്‍ന്ന നിയമന വിവാദം പാര്‍ട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നാണ് അന്ന് കണ്ടെത്തിയത്.

ആരോപണത്തിന് പിന്നിലുള്ള ആളുകള്‍ക്കെതിരെ പാര്‍ട്ടി നടപടിയും എടുത്തിരുന്നു. താന്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ പരാതിക്കാര്‍ എന്തുകൊണ്ട് ഇതുവരെ രംഗത്ത് വന്നില്ലെന്നും എംഎല്‍എ ചോദിച്ചു. ഉപജാപക സംഘമാണോ എന്‍എം വിജയനെ ചതിച്ചതെന്ന് അന്വേഷിക്കണം. പ്രചരിക്കുന്ന രേഖയില്‍ പീറ്ററും വിജയനും തമ്മിലാണ് കരാര്‍. എന്തുകൊണ്ട് പീറ്റര്‍ തന്നെ ബന്ധപ്പെട്ടില്ലെന്നും പണം കൊടുത്തവര്‍ എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്ന എന്‍ എം വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. ഇരുവരുടേയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് പറഞ്ഞു. ഇരുവരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം.

Tags:    

Similar News