ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാന്‍ അടുത്തുകൂടും; വിലപിടിപ്പുളള വസ്തുക്കളോ ബാഗോ മോഷ്ടിച്ച് കടന്നുകളയും; മുറിയില്‍ കണ്ടെത്തിയത് ഇരുന്നൂറിലധികം ബാഗുകള്‍; റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍
റെയില്‍വേയില്‍ ബാഗ് മോഷണം സ്ഥിരമാക്കിയ ജീവനക്കാരന്‍ പിടിയില്‍
ചെന്നൈ: യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ റെയില്‍വേ ജീവനക്കാരന്‍ മധുരൈയില്‍ പിടിയില്‍. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കല്‍ അസിസ്റ്റന്റ് സെന്തില്‍ കുമാറാണ് പിടിയിലായത്. മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ വയോധികയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. ഇരുന്നൂറിലധികം ബാഗുകള്‍ ഇയാളുടെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.
രണ്ട് ബാഗുകളുമായി പടികള്‍ കയറാന്‍ ബുദ്ധിമുട്ടിയ 75കാരിയെ സഹായിക്കാന്‍ എത്തിയ യുവാവ് ബാഗുകളിലൊന്നുമായി കടന്നുകളയുകയായിരുന്നു. വയോധികയുടെ പരാതിയെ തുടര്‍ന്ന് സിസിടിവി പരിശോധിച്ച റെയില്‍വേ പൊലീസ് ഞെട്ടി. കള്ളന്‍ റെയില്‍വേയില്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
സെന്തില്‍ കുമാറിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. 250ലേറെ ബാഗുകളാണ് പൊലീസ് കണ്ടെടുത്തത്. 30 പവന്‍ സ്വര്‍ണം, 30 മൊബൈല്‍ ഫോണുകള്‍, 9 ലാപ്‌ടോപ്പ്, 2 ഐ പാഡ്. മുറി നിറയെ മോഷണ വസ്തുക്കളായിരുന്നു. 6 വര്‍ഷമായി മോഷണം പതിവെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് സെന്തില്‍. മധുര, കരൂര്‍, വിരുദാചലം, ഈറോഡ് സ്റ്റേഷനുകളിലെല്ലാം മോഷണം നടത്തിയിട്ടുണ്ട്.
ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടും. പിന്നീട് വിലപിടിപ്പുളള വസ്തുക്കളോ, ബാഗ് മുഴുവനായോ തന്നെ മോഷ്ടിച്ച് കടന്നുകളയും. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ അറിയാവുന്നതിനാല്‍ ഇതുവരെ പിടിയിലാകാതെ സേഫായെന്നും സെന്തില്‍ കുമാര്‍ മൊഴി നല്‍കി. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണസംഘം ഇപ്പോള്‍.