ശബരിമല കാനനപാതയില്‍ കാട്ടുകോഴിയെ പിടിച്ചെന്ന കേസില്‍ സഹോദരന്‍മാര്‍ റിമാന്‍ഡില്‍; കേസെടുത്ത വനംവകുപ്പിനെതിരെ പ്രതിഷേധം; കസ്റ്റഡി അന്യായമായെന്ന് ആക്ഷേപം; തെളിവുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കാട്ടുകോഴിയെ പിടിച്ചെന്ന കേസില്‍ സഹോദരന്‍മാര്‍ റിമാന്‍ഡില്‍

Update: 2025-01-08 11:14 GMT

കണമല : ശബരിമല കാനനപാതയില്‍ കുരുക്ക് ഉപയോഗിച്ച് കാട്ടുകോഴിയെ പിടികൂടിയെന്ന കേസില്‍ സഹോദരന്‍മാര്‍ റിമാന്‍ഡില്‍. കാനന പാതയില്‍ സീസണ്‍ കച്ചവടം നടത്തിയിരുന്ന സഹോദരന്‍മാരാണ് അറസ്റ്റിലായത്. വനംവകുപ്പ് ചുമത്തിയ കേസില്‍ ഇരുവരും അറസ്റ്റിലായി ജാമ്യം ലഭിക്കാതെ റിമാന്‍ഡ് തുടരുകയാണ്.

അതേ സമയം കേസെടുത്ത വനം വകുപ്പിനെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പമ്പാവാലി എയ്ഞ്ചല്‍വാലിയിലാണ് സംഭവം. പമ്പാവാലി സ്വദേശികളും സഹോദരന്‍മാരുമായ കാക്കനാട്ട് ചാക്കോ, തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്.

വനത്തില്‍ നിന്നും ഒട്ടനവധി മൃഗങ്ങള്‍ നാട്ടിലിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നതില്‍ നടപടികള്‍ സ്വീകരിക്കാത്ത വനം വകുപ്പ് നാട്ടുകാരെ കേസില്‍ കുടുക്കുന്നത് അനീതി ആണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാട്ടുകോഴിയെ പിടിച്ചതായി തെളിവില്ലന്നും കേസെടുത്തത് അന്യായമാണെന്നുമാണ് ആക്ഷേപം.

അതേസമയം കാട്ടുകോഴിയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കുരുക്കിട്ട് കാട്ടുകോഴിയെ പിടിക്കുന്നത് നേരില്‍ കണ്ടതാണെന്നും കേസെടുത്ത പമ്പാവാലി എഴുകുംമണ്ണ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഷെഡ്യൂള്‍ നാലില്‍ ഉള്ള പ്രത്യേക സംരക്ഷിത വന്യജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കാട്ടുകോഴിയെ വേട്ടയാടുന്നതും പിടിക്കുന്നതും കടുത്ത കുറ്റമാണെന്നും കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് പരമാവധി എട്ട് വര്‍ഷം തടവ് ലഭിക്കുമെന്നും അര ലക്ഷം രൂപയോളം പിഴ അടയ്ക്കേണ്ടി വരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    

Similar News