ജമ്മുവില്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ചവരില്‍ കീടനാശിനി അംശം ശരീരത്തിലെത്തിയത് ഭക്ഷണത്തിലൂടെ; ബദാല്‍ ഗ്രാമത്തിലെ ഭക്ഷണ രീതി പരിശോധിക്കും; 290 പേര്‍ നിലവില്‍ ക്വാറന്റീനില്‍; ആരോഗ്യപ്രവര്‍ത്തകരുടെ അവധി റദ്ദാക്കി; കനത്ത ജാഗ്രത
ജമ്മുവില്‍ മരിച്ചവരില്‍ കീടനാശിനി അംശം ശരീരത്തിലെത്തിയത് ഭക്ഷണത്തിലൂടെ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ഇവ ഭക്ഷണത്തിലൂടെയാണ് വിഷാംശം ഉള്ളിലെത്തിയത് എന്നുമാണ് നിഗമനം. ഭക്ഷണ രീതിയെ കുറിച്ച് പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍നിയോഗിച്ച സമിതി വ്യക്തമാക്കി.
ഇതിനിടെ രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്. ഡിസംബര്‍ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് 13 കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം 17 പേരാണ് ഈ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് ആശുപത്രിയില്‍വെച്ച് പ്രകടിപ്പിച്ചത്.
ബദാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് 17 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും എല്ലാത്തരം അവധികളും റദ്ദാക്കി. എല്ലാ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കിയതായി രജൗരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിങ് ഭാട്ടിയ പറഞ്ഞു. രോഗത്തിനെതിരായ ജാഗ്രത പാലിക്കുന്നതിതിന്റെ ഭാഗമായി ശൈത്യകാല അവധിയും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു.
ഇതിനിടെ അസുഖം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 290 പേരെ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. രജൗരിയിലെ നഴ്‌സിങ് കോളേജ്, ജി.എം.സി. ആശുപത്രി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍.
രജൗരി ജില്ലയില്‍ 45 ദിവസത്തിനിടെ 17 പേര്‍ മരിച്ചത് പകര്‍ച്ചവ്യാധിമൂലമല്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിരീകരിച്ചിരുന്നു. അജ്ഞാതവിഷവസ്തുവാണ് മരണത്തിനു കാരണമെന്ന് ലഖ്നൗവിലെ സി.എസ്.ഐ.ആര്‍. ലാബില്‍ നടത്തിയ പ്രാഥമികപരിശോധനയില്‍ കണ്ടെത്തി. ഏതുതരം വിഷവസ്തുവാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ഗൂഢാലോചന കണ്ടെത്തിയാല്‍ നടപടിസ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 11 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ മരിച്ചവരുടെ അടുത്തബന്ധുക്കളായ നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുണ്ട്. രോഗവ്യാപനം തടയാന്‍ പ്രദേശം ബുധനാഴ്ച കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ ജലസംഭരണിയില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. 17 പേരാണ് ഇരുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതോടെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.