പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും പെരുമാറ്റമാണ് ബെന്‍സന്റെ മരണത്തിനു കാരണമെന്ന് സഹപാഠി ആര്‍ഡിഒയ്ക്ക് മൊഴി നല്‍കി; സീല്‍ എടുത്തോട്ടെ സാര്‍ എന്ന് ചോദിച്ചപ്പോള്‍ നിന്റെ അപ്പന്റെ വകയാണോടാ സീല്‍ എന്ന് ചോദിച്ചു; ക്ലര്‍ക്ക് മാത്രമല്ല ഈ സ്‌കൂളിലെ പല അദ്ധ്യാപകരും ഇവനെ ഹരാസ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍; കുറ്റിച്ചലിലേത് 'റിക്കോര്‍ഡ് ചതി' തന്നെ

Update: 2025-02-15 03:24 GMT

കുറ്റിച്ചല്‍: ഒന്നാം വര്‍ഷ പരീക്ഷയെഴുതാന്‍ കഴിയുമോ എന്ന ആശങ്കയാണ് പരുത്തിപ്പള്ളി ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി എബ്രഹാം ബെന്‍സനെ ആത്മഹത്യയ്ക്ക് കാരണമെന്ന് വിലയിരുത്തല്‍. ഇതിനിടെ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും പെരുമാറ്റമാണ് ബെന്‍സന്റെ മരണത്തിനു കാരണമെന്ന് ഒരു സഹപാഠി ആര്‍.ഡി.ഒ.യ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ബെന്‍സന്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികളുടെ റെക്കോഡ് ബുക്ക് സീല്‍ ചെയ്തു നല്‍കുന്നതില്‍ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍, ഒരു വിദ്യാര്‍ഥിയുടെയും റെക്കോഡ് ഒപ്പിട്ട് സീല്‍ചെയ്ത് നല്‍കാതിരുന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രീതാ ബാബു പറഞ്ഞു. എല്ലാ റെക്കോഡ് ബുക്കും ഒപ്പിട്ട് സീല്‍ചെയ്ത് വെച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് അധ്യാപകരും പറയുന്നു.

വെള്ളിയാഴ്ചത്തെ മോഡല്‍ പരീക്ഷയ്ക്കു മുമ്പ് റെക്കോഡ് ബുക്ക് പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നതിന് ബെന്‍സന് കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-ഓടെ പ്രിന്‍സിപ്പല്‍ കുട്ടിയുടെ അമ്മ സംഗീതയെ വിളിച്ച് സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എത്രയും വേഗം സ്‌കൂളില്‍ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സുഖമില്ലാത്തതിനാല്‍ അടുത്ത ദിവസം രാവിലെ എത്താമെന്ന് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ബെന്‍സന്‍ റെക്കോഡ് ബുക്ക് സീല്‍ചെയ്തു കിട്ടാന്‍ സ്‌കൂളില്‍ പോയിരുന്നു. പ്രിന്‍സിപ്പല്‍ പരീക്ഷാ ജോലിക്ക് പോയിരുന്നതിനാല്‍ ഒരു ജീവനക്കാരന്‍ ആണ് ഓഫീസിലുണ്ടായിരുന്നത്. റെക്കോഡ് ബുക്ക് സീല്‍ചെയ്തു നല്‍കാന്‍ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നാണ് ആരോപണം. മറ്റുള്ള കുട്ടികളുടെ മുന്നില്‍വെച്ച് അസഭ്യം പറയുകയും പരിഹസിച്ച് ഇറക്കിവിടുകയും ചെയ്തു. ഇത് ബെന്‍സനെ മാനസികമായി തളര്‍ത്തി, എല്ലാം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച രാവിലെ റെക്കോഡ് ബുക്ക് ഹാജരാക്കി പരീക്ഷയ്ക്ക് ഇരിക്കാനാകുമോ എന്ന് വീട്ടുകാരോടു ചോദിക്കുകയും ചെയ്തിരുന്നു. രാത്രി 12.30 വരെ വീട്ടിലുണ്ടായിരുന്നു. പിന്നാലെ പുറത്തിറങ്ങി. സാധാരണ ഈ സമയം പുറത്തുപോകാത്ത കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അയല്‍പക്കത്തെ ഒരാളുമായി ചേര്‍ന്ന് അന്വേഷണം നടത്തി. കാണാത്തതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ഓടെ നെയ്യാര്‍ഡാം പോലീസിനു പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടും കണ്ടില്ല. പിന്നീട് ഒരു ബന്ധു നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്. വിദ്യാര്‍ഥി ആത്മഹത്യചെയ്ത വിഷയത്തില്‍ മോശമായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്‌കൂള്‍ ഓഫീസിനു മുന്നില്‍ ഉപരോധ സമരം നടത്തി. വിഷയം അന്വേഷിച്ച് നടപടി ഉണ്ടാകുമെന്ന ആര്‍.ഡി.ഒ.യുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോര്‍ജിന്റെയും സംഗീതയുടെയും മകനാണ് ആത്മഹത്യ ചെയ്ത എബ്രഹാം ബെന്‍സണ്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്യുന്ന ക്ലാര്‍ക്ക് സനല്‍നെതിരെയാണ് ആരോപണം. ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയനായ ക്ലര്‍ക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലര്‍ക്കിനോട് അന്വേഷിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പള്‍ പ്രീത ആര്‍ ബാബു പറഞ്ഞു.

കുടുംബത്തിന്റെ ആരോപണം ചുവടെ

പ്രൊജക്ട് സീല്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മാവന്‍ പറഞ്ഞു.'മരണപ്പെട്ട എന്ന് പറഞ്ഞാല്‍ നീതിയാകില്ല. കൊല്ലപ്പെട്ട എന്ന് പറയണം. ഇന്നലെ ഈ സ്‌കൂളിലെ ഒരു ക്ലര്‍ക്കിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ പെരുമാറ്റമുണ്ടായി. അങ്ങനെയാണ് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്.ഇവര്‍ക്ക് റെക്കാര്‍ഡ് വയ്ക്കേണ്ട ദിവസമായിരുന്നു ഇന്നലെ. ആ റെക്കാര്‍ഡ് വയ്ക്കണമെങ്കില്‍ സ്‌കൂളിന്റെ സീല്‍ വേണമത്രേ. നമ്മളൊക്കെ പഠിക്കുമ്പോള്‍ അതൊന്നുമില്ലല്ലോ. അദ്ധ്യാപകന്‍ സീല്‍ ചെയ്തുവരാന്‍ കുട്ടികളെ ഓഫീസിലേക്ക് അയച്ചു.

ആ ക്ലര്‍ക്കിനോട് സീല്‍ ചെയ്ത് തരാന്‍ പറഞ്ഞപ്പോള്‍ പിള്ളേരെ കളിയാക്കുന്ന, അവഗണിക്കുന്ന രീതിയില്‍ പെരുമാറി. സീല്‍ എടുത്തോട്ടെ സാര്‍ എന്ന് ചോദിച്ചപ്പോള്‍ നിന്റെ അപ്പന്റെ വകയാണോടാ സീല്‍ എന്ന് ചോദിച്ചു. ഇത് പബ്ലിക്കായി പറയുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ ഉള്ളില്‍ ഒരു തീ കത്തുന്നുണ്ട് അതുകൊണ്ട് പറയുകയാണ്. ഇത് മോന്‍ അവന്റെ അമ്മയായ എന്റെ സഹോദരിയോട് പറഞ്ഞതാണ്. ക്ലര്‍ക്ക് മാത്രമല്ല ഈ സ്‌കൂളിലെ പല അദ്ധ്യാപകരും ഇവനെ ഹരാസ് ചെയ്തിട്ടുണ്ട്. അവനെ സമാധാനിപ്പിക്കുന്ന രക്ഷിതാക്കളാണ് ഞങ്ങള്‍. അതിനുകിട്ടിയ ട്രോഫിയാണിത്.'- വിദ്യാര്‍ത്ഥിയുടെ അമ്മാവന്‍ പറഞ്ഞു.

Tags:    

Similar News