സ്‌കൂളില്‍ പ്രോജക്റ്റ് സീല്‍ ചെയ്യാന്‍ വിസമ്മതിക്കുകയും അസഭ്യം പറയുകയും ചെയ്തു; കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണം മാനസിക പീഡനമെന്ന ആരോപണം; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

Update: 2025-02-15 13:18 GMT

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലര്‍ക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കുറ്റിച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിന്‍സിപ്പാളും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്‌കൂളില്‍ പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടിയെ കാണാനില്ലെന്നു കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്.

ബെന്‍സന്റെ പ്രോജക്ട് സീല്‍ ചെയ്തു നല്‍കാന്‍ ക്ലര്‍ക്ക് വിസമ്മതിച്ചുവെന്നു ബന്ധുവിന്റെ ആരോപണം. ക്ലര്‍ക്കിന്റെ മാനസികപീഡനമാണ് കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടതെന്നും ബെന്‍സന്റെ മാതൃസഹോദരന്‍ സതീശന്‍ പറഞ്ഞു. റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാന്‍ സ്‌കൂളിന്റെ സീല്‍ ആവശ്യമാണ്. ഇതിനായി വിഎച്ച്എസ്സി അധ്യാപകന്‍ കുട്ടികളെ ഓഫിസിലേക്കു വിട്ടു. ഓഫിസിലെ ക്ലര്‍ക്കാണ് കുട്ടികളെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചത്. സീല്‍ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. ഈ ക്ലര്‍ക്കാണ് മരണത്തിന്റെ ഉത്തരവാദി. ഇത് ആരാണെന്നു വ്യക്തമാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല- സതീശന്‍ പറഞ്ഞു.

ക്ലര്‍ക്ക് പരാതി നല്‍കിയതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ കുട്ടിയുടെ മാതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. രാവിലെ അമ്മയെ വിളിച്ചുകൊണ്ടു വരണമെന്ന് പ്രിന്‍സിപ്പല്‍ ബെന്‍സനോടു നിര്‍ദേശിച്ചു. വൈകിട്ട് ബെന്‍സന്‍ വീട്ടിലെത്തിയപ്പോള്‍ മാതാവ് ഇക്കാര്യം തിരക്കിയിരുന്നുവെന്നും വഴക്കു പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട്.

Tags:    

Similar News