ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റോളം പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നു; മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തത് കറണ്ട് പോയതിനാല്‍; ബാങ്കില്‍ കാവല്‍കാരനെ നിയമിക്കാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി; നട്ടുച്ച കവര്‍ച്ചയില്‍ പോലീസിന് തുമ്പൊന്നുമില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ അകത്തു നിന്നുള്ള സഹായവും?

Update: 2025-02-15 06:45 GMT

തൃശൂര്‍: ചാലക്കുടിയ്ക്ക് അടുത്ത് പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയത് വ്യക്തമായ പ്ലാനിംഗില്‍. മോഷ്ടാവിന്റെ ദൃശ്യം സിസിടിവികളില്‍ ലഭിക്കാത്തതു പ്രദേശത്ത് വൈദ്യുതി നിലച്ചതിനാലായിരുന്നു. ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റ് നേരമാണ് പ്രദേശത്തു വൈദ്യുതി ബന്ധം ഇല്ലാതിരുന്നത്. വൈദ്യുതി പോയതിന് പിന്നില്‍ മോഷ്ടാവിനായുള്ള അട്ടിമറിയുണ്ടോ എന്നാണ് പോലീസിന് സംശയം. മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തതാണ് കേസില്‍ വെല്ലുവിളിയായി മാറുന്നത്. ബാങ്കില്‍ കാവല്‍ക്കാരനെ നിയമിച്ചിട്ടില്ല. ഇതടക്കം മനസ്സിലാക്കിയാണ് നട്ടുച്ചയ്ക്കുള്ള കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍.

പോട്ട ചെറുപുഷ്പം പള്ളിക്ക് എതിര്‍വശത്തുള്ള എല്‍എഫ് കോംപ്ലക്‌സിലെ താഴത്തെ നിലയിലാണു ബാങ്ക്. ബാങ്ക് കൂടാതെ 8 വ്യാപാരസ്ഥാപനങ്ങളാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ആരും ഒന്നും അറിഞ്ഞില്ല. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പള്ളിയുടെ ഹാളാണ്. അവ പൂട്ടിക്കിടക്കുകയായിരുന്നു. 2 വനിതകളടക്കം 8 ജീവനക്കാരാണു ബാങ്കിലുള്ളത്. അതില്‍ കാഷ്യര്‍ സിജു 10 ദിവസമായി അവധിയിലായിരുന്നു. ക്ലാര്‍ക്കായ അര്‍ച്ചനയ്ക്കായിരുന്നു കാഷ് കൗണ്ടറിന്റെ ചുമതല. അര്‍ച്ചനയും അസി. മാനേജര്‍ പോള്‍ കുര്യന്‍, ക്ലാര്‍ക്ക് ജെറിന്‍, സ്വീപ്പര്‍ ലില്ലി എന്നിവരും ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു മോഷണം. ബാങ്കിലുണ്ടായിരുന്ന പ്യൂണ്‍ ടെജിന്‍, മാനേജര്‍ ബാബു എന്നിവരെ കാത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. ഇന്നലെ ജോലിക്കെത്തിയിരുന്ന ക്ലാര്‍ക്ക് നിവിന്‍ ഭക്ഷണം കഴിക്കാനായി പുറത്തു പോയപ്പോഴായിരുന്നു മോഷണം.

റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റേഷനും വിമാനത്താവളവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ബാങ്കിലേയും പോട്ട പെട്രോള്‍ പമ്പിലെയും സിസിടിവികളില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. ഇയാള്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ തിരിച്ചറിയാനും സാധിച്ചിട്ടില്ല. മോഷ്ടിച്ച സ്‌കൂട്ടറാകാം ഇതെന്നാണു പൊലീസ് സംശയിക്കുന്നത്. മോഷ്ടാവ് അകത്തു വരുമ്പോള്‍ ബാങ്ക് മാനേജര്‍ ബാബുവും പ്യൂണ്‍ ആളൂര്‍ സ്വദേശി അരിക്കാട്ട് ടെജിയുമാണ് കൗണ്ടറിന് സമീപത്തുണ്ടായിരുന്നത്. ഇവരെ കത്തി കാണിച്ച് മോഷ്ടാവ് ഭീഷണിപ്പെടുത്തി റൂമിലിട്ട് ആദ്യം പൂട്ടി. തുടര്‍ന്ന് ക്യാഷ് കൗണ്ടറിന്റെ ചില്ലു തകര്‍ത്ത് കൗണ്ടറില്‍ കടന്ന് പണവുമായി കടന്നു കളയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം. ബാങ്ക് ജീവനക്കാരുടെ ഉച്ചഭക്ഷണ സമയം കണക്കാക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയത്. ബാങ്കിന്റെ അകത്ത് കടന്ന് വെറും 2 മിനിറ്റ് കൊണ്ട് കവര്‍ച്ച നടത്തി പുറത്തു കടക്കുകയും ചെയ്തു. അക്രമി ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാരണത്താല്‍ പ്രതി മലയാളിയല്ലെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ് പറയുന്നു. അങ്കമാലി ഭാഗത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതിയുടെ വാഹനം പോലും കണ്ടെത്താല്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും. അങ്കമാലിയിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലും പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. കവര്‍ച്ച നടത്തിയത് 'പ്രഫഷണല്‍ മോഷ്ടാവ്' അല്ലെന്ന നിഗമനത്തിലാണ് പോലീസ്. ബാങ്കിനെക്കുറിച്ച് നന്നായി 'പഠിച്ച്' ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത് എന്നാണ് കരുതുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവ്. അല്ലെങ്കില്‍ പ്രവര്‍ത്തനം നിരീക്ഷിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഈ ശാഖയില്‍ സുരക്ഷാജീവനക്കാരില്ലെന്നതും തിരക്ക് കുറയുന്നതെപ്പോഴെന്നും കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയിട്ടുണ്ട്.

കാഷ് കൗണ്ടറിന്റെ താക്കോല്‍ ഹിന്ദിയിലാണ് ഇയാള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. ഇത് തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാണോയെന്ന സംശയവുമുണ്ട്. ഇയാള്‍ വന്ന സ്‌കൂട്ടര്‍ മറ്റാരുടേതെങ്കിലുമാണോയെന്നും മോഷ്ടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. സ്‌കൂട്ടര്‍ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചതായാണ് അറിയുന്നത്. പ്രധാനപാതയില്‍നിന്ന് ഇടറോഡ് വഴി ഇയാള്‍ രക്ഷപ്പെട്ടുവെന്നാണ് സംശയിക്കുന്നത്.

Tags:    

Similar News