വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഒഴുക്കാൻ ശ്രമം; യുവതിയും അമ്മയും അറസ്റ്റില്‍

യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി ഗംഗയിൽ ഒഴുക്കാൻ ശ്രമം; അമ്മയും മകളും പിടിയിൽ

Update: 2025-02-26 01:33 GMT

കൊല്‍ക്കത്ത: വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിന്റെ സഹോദരിയെ ഇഷ്ടികയ്ക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ തള്ളാനെത്തിയ യുവതിയും അമ്മയും അറസ്റ്റില്‍. സംശയാസ്പദമായ സാഹചര്യത്തില്‍ സ്യൂട്ട് കേസുമായി ഇരുവരേയും കണ്ട നാട്ടുകാരുടെ സംശയമാണ് കൊലപാതക വിവരം പുറത്ത് കൊണ്ടു വന്നത്. ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ അഹിരിതോളയിലാണ് സംഭവം.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഫാല്‍ഗുനി ഭര്‍തൃപിതാവിന്റെ സഹോദരിയായ സുമിത ഘോഷിനെ (55) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നോര്‍ത്ത് പോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, ബരാസത് പൊലീസിന് കൈമാറി. രാവിലെ എട്ടുമണിയോടെ അമ്മയും മകളും കൊല്‍ക്കത്തയിലെ കുമാര്‍തുലിയിലെ ഗംഗാ ഘാട്ടില്‍ നീല ട്രോളി ബാഗുമായി എത്തി. സംശയാസ്പദ സാഹചര്യത്തില്‍ ഇവരെ കണ്ട പ്രദേശവാസികള്‍ ഇരുവരെയും ചോദ്യം ചെയ്തു. ആദ്യമൊന്നും ബാഗ് തുറക്കാന്‍ അവര്‍ തയാറായില്ല. പിന്നീടു വളര്‍ത്തുനായയുടെ മൃതദേഹം ഒഴുക്കാന്‍ വന്നതാണെന്നായിരുന്നു മറുപടി നല്‍കിയത്.

ഇതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ട്രോളി പരിശോധിച്ചപ്പോഴാണ് രക്തം പുരണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്കു മാറ്റി. ''അസമിലെ ജോര്‍ഹത് സ്വദേശിയായ സുമിത ഘോഷ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫെബ്രുവരി 11 മുതല്‍ സുമിത ഫാല്‍ഗുനിക്കും അമ്മയ്ക്കുമൊപ്പം കൊല്‍ക്കത്തയിലാണു താമസിച്ചുവന്നിരുന്നത്. ഫാല്‍ഗുനിയും ഭര്‍ത്താവും പിരിഞ്ഞാണ് താമസം.

തിങ്കളാഴ്ച വൈകുന്നേരം നാലിന് സുമിതയും ഫാല്‍ഗുനിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സുമിതയെ ഫാല്‍ഗുനി ശക്തമായി തള്ളിയിടുകയും ചെയ്തു. ഭിത്തിയില്‍ ചെന്ന് ഇടിച്ചതിനുപിന്നാലെ ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തിരിച്ചുവന്നപ്പോള്‍ വീണ്ടും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. ഫാല്‍ഗുനി ഇഷ്ടിക കൊണ്ടു സുമിതയുടെ മുഖത്തും കഴുത്തിലും അടിച്ചു. ഇതാണ് മരണത്തില്‍ കലാശിച്ചത്' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News