എംഡിഎംഎ വലിയതോതില്‍ കേരളത്തില്‍ എത്തുന്നത് പഞ്ചാബില്‍ നിന്നും; അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെ പഞ്ചാബില്‍ നിന്ന് പിടികൂടി കേരളാ പൊലീസ്; പിടിയിലായതില്‍ രണ്ട് ടാന്‍സാനിയക്കാരും

ലഹരി മാഫിയ സംഘത്തെ പഞ്ചാബില്‍ നിന്ന് പിടികൂടി കേരളാ പൊലീസ്

Update: 2025-03-14 12:24 GMT

കുന്നമംഗലം: അന്തരാഷ്ട ലഹരി മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പൊലീസ് പിടികൂടി. ടാന്‍സാനിയ സ്വദേശികളെയാണ് കേരള പൊലീസ് പഞ്ചാബില്‍ നിന്നും പിടികൂടിയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം പൊലീസ് ജനുവരി 21ന് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിലാണ് വന്‍ നടപടി.

പഞ്ചാബില്‍ നിന്നാണ് വലിയതോതില്‍ എംഡിഎംഎ കേരളത്തില്‍ എത്തുന്നത്. അവിടെ നിന്നാണ് ടാന്‍സാനിയ സ്വദേശികളെ പിടികൂടിയത്. ഇവരെ വിമാനമാര്‍ഗം കരിപ്പൂരില്‍ എത്തിച്ചു. ഇവരെ നേരെ കുന്നമംഗലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.

കാരന്തൂര്‍ വി ആര്‍ റെസിഡന്‌സില്‍ നിന്നും പിടിച്ച 221 ഗ്രാം എംഡിഎംഎ കേസില്‍ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇതിന്റെ ഉറവിടം അന്വേഷിച്ചെത്തിയ യാത്രയ്ക്കിടെയാണ് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ടി നാരായണന്‍ മെഡിക്കല്‍ കോളജ് എസിപി എ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആരംഭിച്ച വിവരശേഖരണത്തില്‍ നിന്നാണ് അന്വേഷണസംഘം പഞ്ചാബില്‍ എത്തുന്നത്. ലഹരിമരുന്ന് വന്ന വഴിയെ കുറിച്ച് നടത്തിയ അന്വേഷണമാണ് പഞ്ചാബില്‍ എത്തിച്ചതെന്ന് എസ്പി ഉമേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

വളരെ നിര്‍ണായകമായ വിവരങ്ങള്‍ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഒരു മലയാളി നേരത്തെ പിടിയിലായിരുന്നു.

Tags:    

Similar News