കൊല്ലും എന്ന് പലതവണ ഭീഷണിപ്പെടുത്തി; പേരാമ്പ്രയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചത്തും പൊള്ളല്‍; മുന്‍ഭര്‍ത്താവ് അറസ്റ്റില്‍

പേരാമ്പ്രയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കു നേരെ ആസിഡ് ആക്രമണം

Update: 2025-03-23 11:45 GMT

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുന്‍ ഭര്‍ത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രബിഷ പ്രശാന്തുമായി വേര്‍പിരിഞ്ഞിട്ട് രണ്ടര വര്‍ഷമായി. ഇതിനിടയില്‍ പലതവണ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. അമിത മദ്യപാനിയും ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളുമാണ് പ്രശാന്ത്. മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും പ്രബിഷയുടെ അമ്മ വെളിപ്പെടുത്തി. പക്ഷേ പിന്നെയും ഭീഷണി തുടര്‍ന്നു.

ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകളെ പ്രശാന്ത് വന്ന് ആക്രമിക്കുകയായിരുന്നു. മുമ്പ് പ്രശാന്തിന്റെ ആക്രമണത്തില്‍ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പുറം വേദനയെ തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.

ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Tags:    

Similar News