ബൈക്ക് യാത്രികന്‍ സൈഡ് നല്‍കിയില്ല; മദ്യലഹരിയില്‍ ചേസിങ്; ബൈക്കിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുന്നതിനിടെ ഗോവന്‍ യുവതിക്ക് കാറിടിച്ച് പരിക്ക്; പിന്നാലെ കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദനം; കടവന്ത്രയിലെ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മദ്യലഹരിയില്‍ യുവാവിന്റെ മരണപ്പാച്ചില്‍; ഗോവന്‍ യുവതിക്ക് കാറിടിച്ച് പരിക്ക്

Update: 2025-03-24 12:05 GMT

കൊച്ചി: കടവന്ത്ര മെട്രോ സ്റ്റേഷനു സമീപം മദ്യലഹരിയില്‍ മരണപ്പാച്ചില്‍ നടത്തിയ യുവാവിന്റെ കാറിടിച്ച് ഗോവന്‍ യുവതിക്ക് ഗുരുതര പരിക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ ഗോവന്‍ സ്വദേശിനിയായ ജെയ്സല്‍ ഗോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്സലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.

കടവന്ത്രയില്‍ ഇന്നലെ മദ്യലഹരിയില്‍ ചേസിങ് നടത്തി ബൈക്കിനെ ഇടിപ്പിക്കാന്‍ ശ്രമിച്ച കാര്‍ വഴിയാത്രക്കാരിയായ ഗോവന്‍ സ്വദേശിയായ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവും ഭാര്യ ജയ്‌സെല്‍ ഗോമസും സെന്റ് അല്‍ഫോന്‍സ പള്ളി സന്ദര്‍ശിച്ചതിനുശേഷം കടവന്ത്ര മെട്രോ സ്റ്റേഷനു സമീപം താമസിക്കുന്ന ഹോട്ടലിലേക്കു നടന്നു പോകുന്നതിനിടെയാണ് കാര്‍ വന്നിടിക്കുന്നത്. റോഡിനു വശത്തൂടെ നടന്നുവരുന്ന ജയ്‌സെല്‍ ഇടിയില്‍ മറുവശത്തേക്കു മറിഞ്ഞുവീഴുന്നതു ദൃശ്യങ്ങളില്‍ കാണാം. ഇന്നലെ രാത്രി ഗോവയിലേക്കു മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ പൊലീസ് കേസെടുത്തു.

തിരക്കേറിയ എസ്.എ റോഡിലാണ് പട്ടാപ്പകല്‍ മദ്യലഹരിയില്‍ യുവാവ് കാര്‍ ചേസിങ് നടത്തിയത്. അമിതവേഗതയിലെത്തിയ കാര്‍ ജെയ്സലിനെ ഇടിച്ചിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പള്ളിമുക്ക് ജംഗ്ഷനിലെ സിഗ്‌നലില്‍ വച്ച് ഒരു ബൈക്ക് യാത്രികനുമായി സൈഡ് നല്‍കിയില്ലെന്നതിന്റെ പേരില്‍ നടന്ന തര്‍ക്കം അപകടകരമായ ചേസിങ്ങിലേക്ക് എത്തുകയായിരുന്നു.

പള്ളിമുക്ക് മുതല്‍ കടവന്ത്ര മെട്രോ സ്റ്റേഷന്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ വരുന്ന റോഡിലൂടെ ബൈക്കിനെ അതിവേഗത്തിലാണ് യാസിര്‍ കാറില്‍ പിന്തുടര്‍ന്നത്. എസ്.എ റോഡില്‍ വച്ച് ബൈക്കിനെ ഇടിക്കാന്‍ യാസിര്‍ ശ്രമിക്കുകയും നിയന്ത്രണം വിട്ട കാര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് എസ്തേവാമുമൊത്ത് നടന്നു വന്നിരുന്ന ജെയ്സല്‍ വണ്ടിക്കും കൈവരിക്കുമിടയില്‍ പെട്ടുപോവുകയായിരുന്നു. കൊച്ചിയില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ദമ്പതികള്‍.

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പ്രകോപനം

എംജി റോഡില്‍നിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലേക്കു തിരിയുന്ന പള്ളിമുക്ക് ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിന്റെ ഭാഗത്ത് ബൈക്ക് യാത്രികന്‍ സൈഡ് നല്‍കിയില്ല എന്നതായിരുന്നു യാസിറിന്റെ പ്രകോപനം. ഇതോടെ പള്ളിമുക്ക് മുതല്‍ കടവന്ത്ര മെട്രോ സ്റ്റേഷന്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ വരുന്ന റോഡിലൂടെ ബൈക്കിനെ അതിവേഗത്തില്‍ പിന്തുടരാനാരംഭിച്ചു. കനത്ത തിരക്കുള്ള റോഡാണിത്. എസ്എ റോഡ് പാലമിറങ്ങി അതിവേഗത്തില്‍ മെട്രോ സ്റ്റേഷനു സമീപമുള്ള പാലത്തില്‍ എത്തുന്നതിനു തൊട്ടുമുമ്പായി യാസിര്‍ കാര്‍ ഇടത്തേക്കു വെട്ടിച്ച് ബൈക്കിനെ ഇടിപ്പിക്കാന്‍ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ജെയ്‌സലും പെട്ടു.

സിനിമ രംഗങ്ങളെ വെല്ലുന്ന ചേസിംഗ്

യാസിര്‍ പിന്തുടര്‍ന്നിരുന്ന ബൈക്ക് യാത്രികന്റെ സുഹൃത്തുക്കള്‍ മറ്റു രണ്ടു ബൈക്കുകളിലായി കാറിനു പിന്നിലും ഉണ്ടായിരുന്നു. യാസര്‍ ബൈക്ക് ഇടിച്ചു വീഴ്ത്തിയതോടെ പിന്നിലെ ബൈക്കിലെത്തിയവര്‍ കാര്‍ വളഞ്ഞു. ഒരു യുവതിയും രണ്ടു യുവാക്കളുമാണ് യാസിറിനൊപ്പം കാറിലുണ്ടായിരുന്നത്. ബൈക്കിലെത്തിയവര്‍ കാര്‍ യാത്രികര്‍ക്കുനേരെ തിരിഞ്ഞതോടെ യുവാക്കള്‍ ഇറങ്ങിയോടി. ഇവര്‍ പിന്നീട് കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് പ്രത്യക്ഷപ്പെട്ടത്. അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു യാസിര്‍ എന്ന് പൊലീസ് പറയുന്നു. കാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. യാസിര്‍ ഇടിച്ചു തെറിപ്പിച്ച ബൈക്കിലെ യാത്രികനു കാര്യമായ പരുക്കില്ല.

ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നതാണ് കൊച്ചിയിലെ റോഡുകളിലെ അവസ്ഥ. കഴിഞ്ഞ ദിവസം എസ്ആര്‍എം റോഡില്‍ ലഹരി സംഘം നാട്ടുകാരുമായി സംഘര്‍ഷമുണ്ടാവുകയും കാര്‍ തടയാന്‍ ശ്രമിച്ചയാളെ ഇടിച്ച് ബോണറ്റില്‍ കുടുക്കി അര കിലോമീറ്ററോളം കൊണ്ടുപോയ സംഭവമുണ്ടായിരുന്നു. ബൈക്ക് യാത്രികര്‍ തമ്മിലുള്ള ചെറിയ ഉരസലുകള്‍ പോലും വലിയ അക്രമത്തിലേക്കു മാറുന്ന സ്ഥിതി പലപ്പോഴുമുണ്ടാകുന്നു. വാഹനം ഏതെങ്കിലും വിധത്തില്‍ അപകടത്തില്‍പ്പെട്ടാലോ അല്ലെങ്കില്‍ ഇഷ്ടപ്പെടാത്ത എന്തെങ്കിലും പ്രവര്‍ത്തി ഉണ്ടായാലോ പോലും കാര്യങ്ങള്‍ വഷളാകും. ഹോണ്‍ അടിച്ചതിന്റെ പേരിലുള്ള കയ്യാങ്കളിയൊക്കെ നിത്യസംഭവങ്ങളാണ്. ഈ സംഭവങ്ങളിലെല്ലാം മദ്യത്തിന്റെയോ ലഹരി മരുന്നിന്റെയോ സാന്നിധ്യമുണ്ടു താനും.

ലഹരി വ്യാപനം കൂടിയതോടെ പൊലീസും എക്‌സൈസും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയില്‍ ലഹരിമരുന്നു വില്‍പന നടത്തിയവര്‍ക്കും ഉപയോഗിച്ചവര്‍ക്കുമൈതിരെ 36 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മദ്യപിച്ചു വാഹനം ഓടിച്ചതിന് 191 കേസുകളും അബ്കാരി ആക്ട് പ്രകാരം 31 കേസുകളും റജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നഗരത്തിലെ വിവിധ ജംക്ഷനുകള്‍ കേന്ദ്രീകരിച്ച് ഒരേ സമയം വാഹനപരിശോധന നടത്തുന്നുമുണ്ട്.

Tags:    

Similar News