ഒരു മണിക്കൂറിനുള്ളില്‍ പൊട്ടിച്ചത് ഏഴു സ്ത്രീകളുടെ സ്വര്‍ണമാലകള്‍; രണ്ട് വിമാനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതികളായ ഉത്തര്‍പ്രദേശ് സ്വദേശികള്‍: ഇരുവരേയും പിടികൂടി തമിഴ്‌നാട് പോലിസ്

ഒരു മണിക്കൂറിനുള്ളില്‍ പൊട്ടിച്ചത് ഏഴു സ്ത്രീകളുടെ സ്വര്‍ണമാലകള്‍; രണ്ട് യുപി സ്വദേശികള്‍ അറസ്റ്റില്‍

Update: 2025-03-26 02:27 GMT

ചെന്നൈ: റോഡിലൂടെ നടന്നുപോയ ഏഴു സ്ത്രീകളുടെ സ്വര്‍ണമാലകള്‍ മോഷ്ടിച്ച ശേഷം വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രതികളെ പോലിസ് പിടികൂടി. നാട്ടില്‍നിന്ന് വിമാനത്തിലെത്തി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് മാല മോഷ്ടിക്കുന്ന സംഘമാണ് തമിഴ്‌നാട്ടില്‍ പിടിയിലായത്. ഒരു മണിക്കൂറിനുള്ളില്‍ ഏഴ് സ്ത്രീകളുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്.

സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ സൂരജ് (29), ജാഫര്‍(28) എന്നിവരാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ആറിനും ഏഴിനുമിടയിലാണ് ഇവര്‍ മോഷണം നടത്തിയത്. തിരുവാണ്‍മിയൂര്‍, ബസന്റ് നഗര്‍, ഗിണ്ടി, സൈദാപ്പേട്ട, വേളാച്ചേരി, പള്ളിക്കരണൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള ഏഴുസ്ത്രീകളുടെ മാലകളാണ് തട്ടിയെടുത്തത്. മാല മോഷണം പോയ ഉടന്‍ ഇവര്‍ പോലിസില്‍ പരാതി നല്‍കി.

സംഭവമറിഞ്ഞയുടന്‍ പോലീസ് തിരച്ചിലാരംഭിച്ചു. ഇതോടൊപ്പം ചെന്നൈ വിമാനത്താവളത്തിലേക്കും, ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരംനല്‍കി. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലേക്കും ഹൈദരാബാദിലേക്കും പോകാന്‍ തയ്യാറായിനില്‍ക്കുന്ന വിമാനങ്ങളില്‍ പരിശോധന നടത്തി. രണ്ട് വിമാനങ്ങളില്‍നിന്നുമായി രണ്ടുപേരെയും അറസ്റ്റുചെയ്തു.

ഇവരുടെ കൂട്ടാളികള്‍ നഗരത്തിലുണ്ടോയെന്ന് പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ജനുവരിയില്‍ പൊങ്കല്‍ദിനത്തില്‍ താംബരത്ത് പത്തോളം സ്ത്രീകളുടെ സ്വര്‍ണമാലകള്‍ കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ജാഫറിന് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇവരില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. സംശയം തോന്നാതിരിക്കാനാണ് രണ്ടുപേരും വ്യത്യസ്ത വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കയറിയതെന്ന് പോലീസിനുനല്‍കിയ മൊഴിയില്‍പ്പറഞ്ഞു. കവര്‍ന്ന സ്വര്‍ണം ഉത്തര്‍പ്രദേശിലെ ജൂവലറികളില്‍ വിറ്റ് ആഡംബരജീവിതം നയിക്കുകയാണ് ഇവര്‍ ചെയ്യാറെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News