ആത്മഹത്യയെന്ന് ഫോറന്‍സിക് വിദഗ്ധര്‍; കൊലപാതകമെന്ന് മാതാപിതാക്കളം ബന്ധുക്കളും; തലയ്ക്ക് വെടിയേറ്റ് മരിക്കുന്നതിന് മുമ്പുള്ള സുചിര്‍ ബാലാജിയുടെ ദൃശ്യങ്ങള്‍ പുറത്ത്; ഓപ്പണ്‍ എ.ഐ വിസില്‍ ബ്ലോവറുടെ ദുരൂഹ മരണത്തില്‍ അന്വേഷണം തുടരുന്നു
ഓപ്പണ്‍ എ.ഐ വിസില്‍ ബ്ലോവറുടെ ദുരൂഹ മരണത്തില്‍ അന്വേഷണം തുടരുന്നു
സാന്‍ഫ്രാന്‍സിസ്‌കോ: ഓപ്പണ്‍ എ.ഐ വിസില്‍ ബ്ലോവര്‍ സുചിര്‍ ബാലാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരികയാണ്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ടമെന്റിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടിരുന്നത്. മരണം ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഓപ്പണ്‍ എ-ഐ വിട്ട ബാലാജി ഓപ്പണ്‍ എ-ഐയുടെ ഡാറ്റാ ശേഖരണ രീതികള്‍ക്കെതിരെയും ചാറ്റ്ജിപിടിയുടെ വികസനത്തിലെ പകര്‍പ്പവകാശ ലംഘനങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള സുചിര്‍ ബാലാജിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടു വന്ന വ്യക്തിയില്‍ നിന്ന് അത് കൈപ്പററുന്നതിനായി വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
താമസിച്ചിരുന്ന ഫ്ളാറ്റിലെ എലിവേറ്ററില്‍ നിന്ന് ധൃതിവെച്ച് ഇറങ്ങി വരുന്ന ബാലാജി പുറത്തേക്ക് പോയി 15 സെക്കന്‍ഡിനകം
കൈയ്യില്‍ ഒരു ബ്രൗണ്‍ കവറുമായി തിരികെ വരുന്നത് കാണാം. ബാലാജിയുടെ മൃതദേഹം കണ്ടെടുക്കുന്ന വേളയില്‍ ഈ ഭക്ഷണസാധനങ്ങള്‍ ചിതിറക്കിടക്കുന്നതായി കാണാം. ചോറും ഇറച്ചിയും പച്ചക്കറികളുമാണ് കഴിക്കാനായി അവസാനമായി ബാലാജി വാങ്ങിയത്. ഇദ്ദേഹം മരിച്ച ദിവസമായ നവംബര്‍ 22 നാണ് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്.
നവംബര്‍ 26 നാണ് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ ബാലാജിയുടെ മൃതദേഹം കണ്ടെത്തിയത്. ബാലാജി
ആത്മഹത്യ ചെയ്തു എന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മാതാപിതാക്കളം ബന്ധുക്കളും ഇക്കാര്യം വിശ്വസിക്കുന്നില്ല. ഇതൊരു കൊലപാതകം തന്നെയാണെന്നും പിന്നില്‍ വമ്പന്‍മാര്‍ ആണെന്നുമാണ് അവര്‍ ആരോപിക്കുന്നത്. അവസാന ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് മകന്‍ ആത്മഹത്യയല്ലെന്ന് തന്നെയാണെന്നും അമ്മയായ പൂര്‍ണിമ രാമറാവു ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത് ബാലാജിക്ക് വിഷാദരോഗം ഉണ്ടായിരുന്നതായും അങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്നുമാണ്. വീട്ടില്‍ എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ബാലാജി അച്ഛനുമായി ഫോണില്‍
സംസാരിച്ചിരുന്നു. ബാലാജി മരിച്ച കൃത്യമായ സമയം പോലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കെട്ടിടത്തിലെ ഗ്യാരേജിലേയും എലിവേറ്ററിലേയും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുണ്ടായിരുന്നില്ല എന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.
ബാലാജി മരിക്കുന്ന സമയത്ത് മദ്യപിച്ചിരുന്നതായം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസമയത്ത് ബാലാജി മാത്രമാണ് ഫ്ളാറ്റില്‍ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ബാലാജി മരിക്കുന്നതിന് മുമ്പ് മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് മാതാപിതാക്കളുടെ മറ്റൊരു ആരോപണം. മുറിയില്‍ നിന്ന് മറ്റാരുടേയോ
മുടി കിട്ടിയതായും അവര്‍ വെളിപ്പെടുത്തി. ബാലാജിയുടെ കുടുബം അന്വേഷണത്തില്‍ തൃപ്തി വരാതെ ഒരു മുന്‍ ഫോറന്‍സിക് വിദഗ്ധനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ്.