കാലിലെ മുറിവുകള്‍ പഴുത്ത് അവശ നിലയിലും ആനയെ എഴുന്നള്ളിപ്പിച്ചു; മുറിവില്‍ മരുന്നെന്ന പേരില്‍ മഞ്ഞള്‍പ്പൊടി; കണ്ണൂരില്‍ ആനയോട് കൊടും ക്രൂരത; വ്രണം ഉണങ്ങും വരെ എവിടെയും ആനയെ ഉപയോഗിക്കരുതെന്ന് വനം വകുപ്പ്
കണ്ണൂരില്‍ ആനയോട് കൊടും ക്രൂരത
കണ്ണൂര്‍: കണ്ണൂരില്‍ ആനയോട് കൊടും ക്രൂരത. പൊട്ടിയൊലിക്കുന്ന മുറിവുകളുമായി മൂന്ന് മണിക്കൂറിലേറെ ആനയെ എഴുന്നള്ളിപ്പിച്ചു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിലാണ് ആനയെ എഴുന്നള്ളിപ്പിനെത്തിച്ചത്. മംഗലംകുന്ന് ഗണേശന്‍ എന്ന ആനയെയാണ് പരിക്ക് വകവെക്കാതെ എഴുന്നള്ളിപ്പിന് എത്തിച്ചത്. കാലിലെ മുറിവുകള്‍ പഴുത്ത് അവശ നിലയിലായിരുന്നു ആന. സംഭവത്തില്‍ നടപടിയുമായി വനം വകുപ്പ് രംഗത്തെത്തി.
ഇരു കാലുകള്‍ക്ക് മുകളിലുമുള്ള മുറിവുകള്‍ പഴുത്ത് നീരൊലിക്കുന്ന നിലയിലായിരുന്നു. നടക്കാന്‍ പാടുപെടുന്ന ആനയുടെ മുറിവില്‍ മരുന്നെന്ന പേരില്‍ മഞ്ഞള്‍പ്പൊടിയും മറ്റും നിറച്ചിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന എഴുന്നള്ളിപ്പില്‍ നാല് കിലോമീറ്ററോളം ദൂരമാണ് ആനയെ നടത്തിച്ചത്.
അതേസമയം കണ്ണൂരില്‍ പരിക്ക് പറ്റിയ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ച സംഭവത്തില്‍ വനംവകുപ്പ് നടപടി സ്വീകരിച്ചു. തുടര്‍ന്നുള്ള ഉത്സവങ്ങളില്‍ ആനയെ ഉപയോഗിക്കരുതെന്ന് വനം വകുപ്പ് നിര്‍ദേശിച്ചു. കണ്ണൂരില്‍ നിന്ന് ഇന്ന് വൈകീട്ട് തന്നെ ആനയെ പാലക്കാട്ടേക്ക് കൊണ്ടുപോകണം. വ്രണം ഉണങ്ങും വരെ എവിടെയും ആനയെ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.